പുറത്തിറങ്ങിയാൽ കാട്ടുപന്നി, അകത്തിരുന്നാൽ കുരങ്ങന്മാരുടെ കൂട്ടം. ഭക്ഷണം പോലും കഴിക്കാൻ വയ്യാത്ത അവസ്ഥയിൽ ഒരു നാട്.
തിരുവനന്തപുരം: ഓടിളക്കി വീട്ടിൽ കയറും. ഭക്ഷണ സാധനങ്ങൾ കഴിക്കും അവിടെ തന്നെ മല വിസർജനം നടത്തും. വസ്ത്രങ്ങളും മറ്റ് വസ്തുക്കളും നശിപ്പിക്കുന്നതിനൊപ്പം തരംകിട്ടിയാൽ കുട്ടികളേയും ആക്രമിക്കും. പുറത്തിറങ്ങിയാൽ കാട്ടുപന്നി ശല്യമാണെങ്കൽ വീട്ടിനുള്ളിൽപ്പോലും താമസിക്കാൻ കഴിയാത്ത വിധം വാനര ശല്യമാണ് പാങ്ങോട് പഞ്ചായത്തിലെ കാക്കാണിക്കരക്കാർ അനുഭവിക്കുന്നത്. ഒന്നും രണ്ടുമായി എത്തി സാധനങ്ങൾ മോഷ്ടിച്ച് തിന്നുകൊണ്ടിരുന്ന കുരങ്ങന്മാർ ഇപ്പോൾ പത്തും ഇരുപതും കൂട്ടമായെത്തിയാണ് ആക്രമണം. വീട് പൂട്ടിയിട്ടാലും ഷീറ്റും ഓടും ഇളക്കി ഇവ അകത്ത് കയറിയാണ് അതിക്രമം കാണിക്കുന്നത്.
പാകം ചെയ്ത ഭക്ഷണം, അരി, തുണി, ഫ്രിഡ്ജ്.. കണ്ണിന് മുന്നിൽ വരുന്ന എന്തും നശിപ്പിച്ച് കുരങ്ങന്മാർ
വസ്ത്രങ്ങളടക്കം എടുത്തുകൊണ്ടുപോകുമെന്നതിനാൽ കഴുകിയിടാൻ പോലും കഴിയാത്ത അവസ്ഥയാണ്. കാക്കാണിക്കരയിലെ നാൽപ്പതോളം വരുന്ന വീടുകളിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാതെ വന്നതോടെ അടിയന്തര നടപടി ആവശ്യപ്പെട്ട് വനംമന്ത്രിയേയും വനം വകുപ്പ് ഉന്നത അധികാരികളെും സമീപിച്ചിരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്‍റ് എം.എം ഷാഫി. കുരങ്ങുകളുടെ വരവോടെ പാചകം ചെയ്ത് വച്ചിരിക്കുന്ന ആഹാരം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് പ്രസിഡന്‍റ് പറയുന്നത്.
നൂറുകണക്കിന് കുരങ്ങുകൾ കൂട്ടമായെത്തി പലവീടുകളിലേക്കും കയറുകയാണ്. എൺപത് ശതമാനത്തോളം വനത്താൽ ചുറ്റപ്പെട്ട ഇവിടെ പാവപ്പെട്ട കൂലിപ്പണിക്കും കർഷകരുമാണ് കൂടുതലും താമസിക്കുന്നത്. പ്രദേശം വിട്ടൊഴിഞ്ഞു പോകാൻ മറ്റൊരിടം ഇല്ലെന്നും പ്രദേശത്ത് കൂടുകൾ സ്ഥാപിച്ച് കുരങ്ങുകളെ പിടികൂടി ഉൾവനത്തിലേക്ക് മാറ്റണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. ഇത്തരത്തിൽ മാത്രമേ പ്രദേശത്തെ വാനരശല്യം ഒഴിവാക്കാനാകൂ എന്നും അടിയന്തര നടപടിയാണ് ആവശ്യമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നു.


