പോണ്ടിച്ചേരിയിൽനിന്ന് മാഹിയിലേക്ക് ലോഡുമായി പോകുകയായിരുന്നു ലോറി. അപകടത്തില്‍ നിവധി മദ്യക്കുപ്പികള്‍ നശിച്ചിട്ടുണ്ട്.

കൽപ്പറ്റ : വയനാട് ചുരത്തിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത് മാഹിയിലേക്ക് മദ്യവുമായി പോയ ലോറി. പോണ്ടിച്ചേരിയില്‍ നിന്നും മാഹിയിലേക്ക് ബീവറേജസ് കോർപ്പറേഷന്റെ ലോഡുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വയനാട് ചുരത്തിലെ ഒന്നാം വളവിനും രണ്ടാം വളവിനുമിടയിൽ 30 അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. 

അതേസമയം അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ക്ക് വലിയ പരിക്കുകളില്ലെന്നാണ് വിവരം. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

അടിവാരത്തിനു സമീപം 28ൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം നടന്നത്. പോണ്ടിച്ചേരിയിൽനിന്ന് മാഹിയിലേക്ക് ലോഡുമായി പോകുകയായിരുന്നു ലോറി. അപകടത്തില്‍ നിവധി മദ്യക്കുപ്പികള്‍ നശിച്ചിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്സും ലോറി മുകളിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അപകടത്തെത്തുടര്‍ന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ സ്‌ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. മദ്യലോറിക്ക് അടുത്തേക്ക് ആളുകളെത്താതിരിക്കാന്‍ പൊലീസ് സജ്ജീകരണമൊരുക്കിയിട്ടുണ്ട്.

Read More : 'ഫോണില്ല, ഭക്ഷണം കഴിക്കാന്‍ പുറത്തിറിങ്ങില്ല'; കോഴിക്കോട് വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍