സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് താൽക്കാലിക പൂട്ട് വീണതോടെ തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലേക്ക് മദ്യക്കടത്ത് സജീവമാകുന്നു. 

ഇടുക്കി: സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് താൽക്കാലിക പൂട്ട് വീണതോടെ തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലേക്ക് മദ്യക്കടത്ത് സജീവമാകുന്നു. രഹസ്യമായി ജീപ്പില്‍ മൂന്നാറിലേക്കെത്തിക്കാന്‍ ശ്രമിച്ച മുപ്പതോളം കുപ്പികൾ, 9.5 ലിറ്റര്‍ മദ്യം ദേവികുളം എക്‌സൈസ് സംഘം പിടിച്ചെടുത്തു.

സംഭവത്തില്‍ ഒരാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളില്‍ കേരളത്തില്‍ മദ്യശാലകള്‍ താല്‍ക്കാലികമായി അടഞ്ഞതോടെയാണ് തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി വഴി മൂന്നാറുള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് അനധികൃതമായി മദ്യം എത്തിക്കുന്നത്. 

സംഭവത്തില്‍ പെരിയവരൈ സ്വദേശിയാണ് സംഘത്തിന്റെ പിടിയിലായത്. അതിര്‍ത്തിയിലൂടെ മദ്യം കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ദേവികുളം എക്‌സൈസ് സംഘം വാഹന പരിശോധന നടത്തി മദ്യം പിടിച്ചെടുത്തത്. 

 ഇത്തരത്തില്‍ മദ്യം കടത്തുന്നതിനായുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചിന്നാര്‍ ചെക്ക് പോസ്റ്റിലുള്‍പ്പെടെ പരിശോധന കര്‍ശനമാക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിന്നാര്‍ ചെക്ക് പോസ്റ്റില്‍ പരിശോധന നടക്കുന്നുണ്ടെങ്കിലും തദ്ദേശിയമായ വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ വാഹന ഉടമകള്‍ ഉയര്‍ത്തുന്ന എതിര്‍പ്പ് പരിശോധനക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona