തെയ്യം കലാകാരന്‍മാരുടെ കുടംബത്തിലെ പത്തു വയസുമുതൽ പതിനെട്ടു വയസു വരെ പ്രായമുള്ള കുട്ടികളെയാണ് കർക്കിടകത്തെയ്യം കെട്ടിക്കുന്നത്. എന്നാൽ പഴയ പോലെ തെയ്യം കെട്ടി ആടാൻ കുട്ടികൾ തയ്യാറാവുന്നില്ലെന്ന് തെയ്യം കലാകാരൻമാർ പറയുന്നു.
കാസർകോട്: നാടിനെ വെള്ളത്തിലാക്കിയ കനത്ത മഴയിൽ തെയ്യങ്ങൾക്കും രക്ഷയില്ല.വെള്ളപ്പൊക്കം കാരണം കർക്കിടകത്തിലെ ആധിയകറ്റാനെത്തുന്ന കുഞ്ഞുതെയ്യങ്ങളെ ചുമന്നാണ് കൊണ്ടുവരുന്നത്. പഞ്ഞമാസം എന്ന് വിശേഷണമുള്ള കർക്കിടകം മാസത്തിലെ ഒന്നാം ദിവസം മുതൽ വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കാസർകോട്ടെ ഗ്രാമീണഭവനങ്ങളിൽ വ്യാധിയും മാരിയും കെടുതികളും അകറ്റി അനുഗ്രഹം ചൊരിയാനാണ് കർക്കിട തെയ്യങ്ങൾ എത്തുന്നത്. എന്നാൽ പാടങ്ങളും നാട്ടുവഴികളും മുക്കി മഴ നിറഞ്ഞു പെയ്തതോടെ കുഞ്ഞുതെയ്യങ്ങളുടെ യാത്രയും കഷ്ടത്തിലാവുകയാണ്.
കുഞ്ഞുതെയ്യമെന്നും അടിവേടൻ തെയ്യമെന്നും വിളിക്കുന്ന കർക്കിടക തെയ്യം വീടുകളിൽ മണികിലുക്കിയും ചെണ്ട മുട്ടിയും എത്തുമ്പോൾ വിളക്ക് തിരിയും മഞ്ഞളും ചുണ്ണാമ്പും കലർത്തിയ ഗുരുതി വെള്ളം തളികയിൽ നൽകണം. തെയ്യം വീടിനു മുന്നിൽ ആടിയതിനു ശേഷം ഈ വെള്ളം കളത്തിൽ തിരി വെച്ച് വട്ടത്തിൽ ഒഴിച്ചാൽ അവിടെ ദാരിദ്ര്യമോ പട്ടിണിയോ അസുഖങ്ങളോ ഉണ്ടാവില്ലെന്നാണ് വിശ്വാസം.
തെയ്യത്തിനു കാണിക്കയ്ക്ക് പുറമെ വീട്ടുകാർ അരിയും എണ്ണയും മറ്റും നൽകുകയും ചെയ്യും. കർക്കിടകമാസത്തിൽ തെയ്യങ്ങളെ വീടുകളിൽ ചെന്ന് വിശ്വാസത്തിന്റെ ഭാഗമായി ആടിക്കുന്ന തെയ്യം കലാകാരന്മർക്കും പഞ്ഞമാസത്തിൽ ഇതൊരു വരുമാനമാണ്. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇക്കുറി മഴ കൂടുതൽ ഉള്ളതിനാൽ കർക്കിടകത്തെയ്യങ്ങൾക്കു ദിവസം കുറച്ചു വീടുകളിൽ മാത്രമേ കയറാൻ സാധിക്കുന്നുള്ളൂ.
വഴിയിൽ വെള്ളം പൊങ്ങിയതും ചിലസ്ഥലങ്ങളിലെ വീടുകൾ വെള്ളത്തിനടിയിലായതും തോടുകൾ കരകവിഞ്ഞൊഴുകുന്നതും കർക്കിടകതെയ്യത്തിനു തിരിച്ചടിയായി. തെയ്യം കലാകാരന്മാരുടെ മക്കളാണ് കർക്കിടക തെയ്യമാകുന്നു എന്നതിനാൽ മക്കളെ എടുത്താണ് ആടേണ്ട വീടുകളിൽ എത്തിക്കുന്നത്.
പത്തുവയസുമുതൽ പതിനെട്ടു വയസു വരെ പ്രായമുള്ള കുട്ടികളെയാണ് കർക്കിടകത്തെയ്യം കെട്ടിക്കുന്നത്. എന്നാൽ പഴയ പോലെ തെയ്യം കെട്ടി ആടാൻ കുട്ടികൾ തയ്യാറാവുന്നില്ലെന്ന് കാസർകോട്ടെ തെയ്യം കലാകാരൻമാർ പറയുന്നു. പുതിയ കാലത്തെ കുട്ടികൾക്ക് തെയ്യം കെട്ടലിനോടും തെയ്യം കലാരൂപങ്ങളോടും താത്പര്യമില്ലാതായതോടെ അധികം വൈകാതെ തെയ്യം കല അന്യം നിൽക്കുമെന്നാണ് ജില്ലയിലെ തെയ്യം കലാകാരൻമാർ തന്നെ പറയുന്നത്.
