ലിവിയ കളവു പറയുകയാണെന്ന് പറഞ്ഞ ഷീലാ സണ്ണി, ലിവിയയുടെ ബന്ധുക്കള്‍ തന്നെയാണ് സ്വഭാവ ദൂഷ്യം ആരോപിച്ചതെന്ന് പ്രതികരിച്ചു.
തൃശൂർ: ചാലക്കുടിയിലെ വ്യാജ ലഹരിക്കേസില്‍ ഷീലാ സണ്ണിയെ കുടുക്കിയത് തന്നെക്കുറിച്ച് സ്വഭാവ ദൂഷ്യ ആരോപണം നടത്തിയതിനെന്ന് മുഖ്യ പ്രതി ലിവിയാ ജോസിന്‍റെ കുറ്റസമ്മത മൊഴി. ലിവിയ കളവു പറയുകയാണെന്ന് പറഞ്ഞ ഷീലാ സണ്ണി, ലിവിയയുടെ ബന്ധുക്കള്‍ തന്നെയാണ് സ്വഭാവ ദൂഷ്യം ആരോപിച്ചതെന്ന് പ്രതികരിച്ചു. ലിവിയയെയും ആണ്‍ സുഹൃത്ത് നാരായണ ദാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
മുംബൈയില്‍ അറസ്റ്റിലായ ലിവിയ ജോസിനെ ഇന്നു രാവിലെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തത്. കുറ്റകൃത്യത്തില്‍ താനും ആണ്‍ സുഹൃത്തായ നാരായണ ദാസും മാത്രമാണ് പങ്കാളികളെന്ന് ലിവിയ വെളിപ്പെടുത്തി. തന്‍റെ സഹോദരിക്ക് പങ്കില്ല. ബംഗലൂരുവില്‍ ഹോട്ടല്‍ മാനെജ്മെന്‍റ് കോഴ്സ് പഠിക്കുന്ന ലിവിയക്ക് എത്രയും പണം എവിടുന്നു കിട്ടിയെന്ന് ഷീല മകനയച്ച ശബ്ദസന്ദേശം മരുമകള്‍ വഴി ലിവിയയിലെത്തിയതാണ് പകയുടെ കാരണം. ഒപ്പം ഷീലയുടെ മരുമകളുടെ പത്ത് സെന്‍റ് സ്ഥലം ഷീലയും വീട്ടുകാരും ചേര്‍ന്ന് വിറ്റ് കടം വീട്ടി. താനും സഹോദരിയും അനുഭവിക്കേണ്ട സ്വത്ത് ഷീലയും കുടുംബവും നശിപ്പിച്ചു എന്ന തോന്നല്‍ പക ഇരട്ടിപ്പിച്ചു.
എല്‍എസ്ഡി സ്റ്റാമ്പ് വച്ചു കുടുക്കാനുള്ള ആശയം തന്‍റേതായിരുന്നുവെന്ന് ലിവിയ പറയുന്നു. അതു പറഞ്ഞപ്പോള്‍ നാരായണ ദാസ് സഹായിച്ചു. ആഫ്രിക്കക്കാരനില്‍ നിന്ന് സ്റ്റാമ്പ് വാങ്ങിക്കൊടുത്തു. അതുമായി നാട്ടിലെത്തി ഷീലയുടെ ബാഗിലും സ്കൂട്ടറിലും വച്ചു. നാരായണ ദാസിനെക്കൊണ്ട് എക്സൈസുകാരനെ വിളിച്ച് ഷീലയെ കുടുക്കി. സമൂഹത്തില്‍ നാണം കെടുത്തുക എന്നതായിരുന്നു ലക്ഷ്യം. ഒറ്റ ബുദ്ധിക്ക് ചെയ്തു പോയതാണെന്നും ലിവിയ പൊലീസിനോട് പറഞ്ഞു.
അതിനിടെ ലിവിയയുടെ മൊഴി തള്ളി ഷീലാ സണ്ണി രംഗത്തെത്തി. ലിവിയയുടെ സ്വഭാവ ദൂഷ്യം അന്വേഷിക്കാന്‍ അവരുടെ ബന്ധുക്കള്‍ ബംഗലൂരുവിലേക്ക് പോകാനിരിക്കുകയായിരുന്നു. ആരോപണം ഉന്നയിച്ചത് താനല്ലെന്നും ഷീല പറഞ്ഞു.
വ്യാജ സ്റ്റാമ്പ് ആഫ്രിക്കക്കാരന്‍ നൽകി എന്ന് ലിവിയ പറഞ്ഞത് പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. മൈദപ്പൊടി കവറിലാക്കി ബ്രൗണ്‍ ഷുഗണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പു നടത്തിയ കേസ് നാരായണ ദാസിനെതിരെയുണ്ട്. ലിവിയയെ പറ്റിച്ചത് നാരായണ ദാസാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ലിവിയയെയും നാരായണ ദാസിനെയും കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
