ഇടുക്കി: വോട്ടര്‍മാരെ സ്വാധീനിക്കുവാന്‍ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കൂട്ടരും അറസ്റ്റില്‍. പള്ളിവാസല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മത്സരിക്കുന്ന എസ്.സി രാജയേയും കൂട്ടാളികളെയുമാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പോതമേട് ഒന്നാം നംബര്‍ വാര്‍ഡിന് സമീപത്തെ മേഘദൂത് റിസോര്‍ട്ടിലാണ് സ്ഥാനാര്‍ത്ഥി എസ്.സി രാജയും ഇയാളുടെ കൂട്ടാളികളായ പിച്ചമണി (30), മുരുകന്‍ (32) എന്നിവരും ചേര്‍ന്ന് മദ്യസത്കാരം നടത്തിയത്.

മൂന്നാര്‍ എസ് ഐ സന്തോഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.  പൊലീസിന്‍റെ പരിശോധനയില്‍ സ്ഥാനാര്‍ത്ഥി മദ്യപിച്ചതായും കണ്ടെത്തി. 

അവധി ദിവസത്തില്‍ മദ്യം ലഭിച്ചതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തോട്ടം മേഖലയില്‍ പണവും മദ്യവും നല്‍കി വോട്ടമാരെ സ്വാധീനിക്കുന്നതായി നിരവധി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ എ എസ് പിയുടെ നേത്യത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന നടത്തി.