പ്രായമായവർക്ക് സെറ്റപ്പ് കയറാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചാണ് പറയാനുള്ളത്. ലിഫ്റ്റിൽ കയറാനുള്ള പേടിയും വയോധികർക്കുണ്ട്. പ്രായത്തിനുള്ള സൗകര്യമല്ലേ ചെയ്ത് തരേണ്ടതെന്നാണ് ചോദ്യം.
തിരുവനന്തപുരം: വമ്പൻ ആഘോഷമായി ഉദ്ഘാടന മഹാമഹം നടത്തിയ, ലിഫ്റ്റടക്കമുള്ള ഒരു മേൽപ്പാലമുണ്ട് തിരുവനന്തപുരത്ത്. എന്നാൽ കോടികൾ ചെലവിട്ട് കിഴക്കേകോട്ടയിൽ നിർമ്മിച്ച നടപ്പാലം ആർക്കും വേണ്ട. തെരഞ്ഞെടുപ്പ് കാലത്ത് ജനമനസ് തേടി ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലൗഡ് സ്പീക്കർ സംഘം ഈസ്റ്റ് ഫോർട്ടിലെത്തി. 2020ൽ തിരുവനന്തപുരം കോർപ്പറേഷൻ 4 കോടി രൂപ ചെലവിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ കിഴക്കേകോട്ടയിലെ ഫ്ലൈ ഓവർ നിർമിച്ചത്. 102 മീറ്റർ നീളവും രണ്ട് മീറ്റർ നീളവുമുള്ള ഫ്ലൈ ഓവറിൽ ഒരേ സമയം മൂന്ന് പേർക്ക് ചേർന്ന് നടക്കാം. പക്ഷേ ലിഫ്റ്റടക്കമുള്ള സൗകര്യങ്ങളുണ്ടായിട്ടും എത്രപേർ ഫ്ലൈ ഓവർ ഉപയോഗിക്കുന്നുണ്ടെന്ന് ചോദിച്ചാൽ നിരാശയാണ് ഫലം.
ഒരുവശത്ത് ചാല മാർക്കറ്റ്, ഒരു വശത്ത് പത്മനാഭ സ്വാമി ക്ഷേത്രം, പഴവങ്ങാടി ക്ഷേത്രം, പുത്തരിക്കണ്ടം മൈതാനം തുടങ്ങി ആയിരക്കണക്കിന് ജനങ്ങൾ നിരന്തരം യാത്ര ചെയ്യുന്ന ഇടമാണ് കിഴക്കേകോട്ട. തിരക്ക് നിറഞ്ഞ സ്ഥലത്ത് ജനങ്ങളുടെ സുരക്ഷക്കായി തിരുവനന്തപുരം നഗരസഭ ഒരുക്കിയ നടപ്പാത പക്ഷേ ജനം ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം. ഫ്ലൈ ഓവറുണ്ടെങ്കിലും എളുപ്പത്തിന് വേണ്ടി റോഡ് ക്രോസ് ചെയ്യുമെന്നാണ് ജനം ലൗഡ് സ്പീക്കറിനോട് പറഞ്ഞത്. പ്രായമായവർക്ക് സെറ്റപ്പ് കയറാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചാണ് പറയാനുള്ളത്. ഇത്രയും സ്റ്റെപ്പ് കയറി ഇറങ്ങുന്നതിലും നല്ലത് റോഡ് മുറിച്ച് കടക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് ഇവരുടെ വാദം. ലിഫ്റ്റിൽ കയറാനുള്ള പേടിയും വയോധികർക്കുണ്ട്. പ്രായത്തിനുള്ള സൗകര്യമല്ലേ ചെയ്ത് തരേണ്ടതെന്നാണ് ചോദ്യം.
ഫ്ലൈ ഓവർ കയറി ഇറങ്ങി വരുമ്പോഴേക്കും ബസ് പോകുമോ എന്ന ടെൻഷനാണ്. സമയത്തിന് ബസ് കിട്ടാൻ റോഡിലൂടെ ക്രോസ് ചെയ്യുന്നതാണ് നല്ലതെന്നാണ് സ്ത്രീ യാത്രക്കാരേറെയും പറയുന്നത്. എന്നാൽ സർക്കാർ ചെയ്ത നല്ലൊരു കാര്യം വേണ്ട വിധം ഉപയോഗിക്കുന്നില്ലെന്നും യാത്രക്കാർ പറയുന്നു. ജനങ്ങളുടെ സുരക്ഷ മുൻ നിർത്തിയാണ് നടപ്പാത നിർമിച്ചത്. സാമൂഹ്യ ബോധമുള്ള മനുഷ്യർ റോഡ് നിയമം പാലിച്ചും, ഗതാഗത കുരുക്ക് ഒഴിവാക്കാനും മേൽപ്പാലം ഉപയോഗിക്കുകയാണ് വേണ്ടതെന്നും ഇവർ പറയുന്നു. വലിയ ആഘോഷമായി ഉദ്ഘാടനം നടത്തിയ മേൽപ്പാലം തുടക്ക കാലത്തൊക്കെ സോഷ്യൽ മീഡിയയിലടക്കം വൈറലായിരുന്നു. എന്നാൽ ആർക്ക് വേണ്ടിയാണോ ഫ്ലൈ ഓവർ നിർമ്മിച്ചത്, അവർ ഇന്ന് നടപ്പാത വേണ്ട വിധം ഉപയോഗിക്കാത്ത സ്ഥിതിയിലാണ്.


