രക്തം പുരണ്ട നിലയില്‍ സ്ത്രീയുടെ അടിവസ്ത്രങ്ങളും ഒരും ജോഡി ഷൂവും ഇയാളുടെ കയ്യിലുണ്ടായിരുന്നു. ഇയാള്‍ക്കും തലയ്ക്ക് പരിക്കുണ്ടായിരുന്നു.
കോഴിക്കോട്: ബാലുശ്ശേരി കിനാലൂരില്‍ പരിക്കേറ്റ നിലയിൽ, കയ്യിൽ സ്ത്രീയുടെ രക്തം പുരണ്ട വസ്ത്രങ്ങളുമായി ബിഹാര്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. കിനാലൂര്‍ പാറതലക്കല്‍ ബാബുരാജിന്റെ വീട്ടുമുറ്റത്താണ് ഇയാളെ കണ്ടെത്തിയത്. വീടിന് പിന്നിൽ കിടക്കുന്ന നിലയിലായിരുന്നു ഇയാള്‍. രാവിലെ വീട്ടുകാര്‍ ഉണര്‍ന്ന് വാതിൽ തുറന്ന് പുറത്തിറങ്ങിയ സമയത്താണ് ഇയാളെ കാണുന്നത്. കയ്യിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളുമുണ്ടായിരുന്നു. കൂടാതെ തലയിൽ നിന്ന് രക്തമൊലിക്കുന്നുണ്ടായിരുന്നു. വീട്ടുകാര്‍ നാട്ടുകാരെ അറിയിച്ച് അവരാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേ സമയം പ്രദേശത്ത് ആര്‍ക്കെങ്കിലും പരിക്കേറ്റതായിട്ടോ കാണാതായിട്ടോ ഉള്ള വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇയാള്‍ കിനാലൂര്‍ ചെരുപ്പ് കമ്പനിയില്‍ ജോലിക്കാരനാണ്. ഇയാളിന്നലെ മദ്യപിച്ചിരുന്നു. നടന്നു പോകുന്ന വഴിക്ക് എവിടെയെങ്കിലും വീണ് പരിക്കേറ്റ് മുറിവേറ്റതായിരിക്കുമെന്ന് പൊലീസ് അനുമാനിക്കുന്നുണ്ട്. വസ്ത്രങ്ങളെടുത്ത് മുറിവ് തുടച്ചതാകാമെന്ന അനുമാനവും പൊലീസിനുണ്ട്. ബാലുശ്ശേരി പോലീസ് അന്വേഷണം തുടങ്ങി. ഇയാള്‍ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മുറിവ് ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.


