കുളത്തിൽ വിഷം കലർന്നതാണ് മീനുകൾ കൂട്ടമായി ചത്തുപൊങ്ങാൻ കാരണമെന്നാണ് ഭക്തരുടെയും നാട്ടുകാരുടേയും സംശയം.

അമ്പലപ്പുഴ: ആലപ്പുഴയില്‍ ഇരട്ടക്കുളങ്ങര ക്ഷേത്രക്കുളത്തിലെ മീനുകൾ ചത്തുപൊങ്ങുന്നു. അന്വേഷണം നടത്താത്ത ദേവസ്വം ബോർഡ് അധികൃതരുടെ നിലപാടിൽ പ്രതിഷേധവുമായി നാട്ടുകാര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുളത്തിൽ മീനുകൾ ചത്തു പൊങ്ങുന്നുണ്ട്. ഇന്ന് രാവിലെയോടെ ക്ഷേത്രത്തിലെ മുഴുവൻ മീനുകളും ചത്ത് പൊങ്ങി അതിരൂക്ഷമായ ദുർഗന്ധമനുഭവപ്പെടുകയായിരുന്നു.

ദുർഗന്ധം മൂലം ക്ഷേത്രത്തിന്‍റെ പരിസരത്തു പോലും നിൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. കുളത്തിൽ വിഷം കലർന്നതാണ് മീനുകൾ കൂട്ടമായി ചത്തുപൊങ്ങാൻ കാരണമെന്നാണ് ഭക്തരുടെയും നാട്ടുകാരുടേയും സംശയം. ലോക്ക് ഡൗൺ മൂലം ക്ഷേത്രക്കുളത്തിലേക്ക് ഭക്തരെ ഇറക്കാറില്ല. കുളത്തിലേക്കുള്ള ഗേറ്റും പൂട്ടിയിട്ടിരിക്കുകയാണ്.

കുളത്തിലെ മീനെല്ലാം ചത്തുപൊങ്ങിയിട്ടും ദേവസ്വം ബോർഡ് ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. വെള്ളത്തിന്‍റേയും മീനിന്‍റേയും സാമ്പിൾ പരിശോധിച്ച് ഇതിന്‍റെ യഥാർത്ഥ കാരണം കണ്ടെത്താൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona