കോഴിക്കോട്ടെ പന്നിഫാമില്‍ പന്നികള്‍ കൂട്ടത്തോടെ ചാകുന്നുവെന്ന് കാണിച്ച് പ്രതിഷേധം. നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് സംഭവം. നൂറിലധികം പന്നികള്‍ അജ്ഞാത രോഗം ബാധിച്ച് ചത്തുവെന്നാണ് നാട്ടുകാരുടെ ആരോപണം.
കോഴിക്കോട്: അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാമില്‍ പന്നികള്‍ കൂട്ടത്തോടെ ചാകുന്നുവെന്ന് കാണിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. കോഴിക്കോട് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട നായാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലാണ് ഒരു മാസത്തിനിടെ നൂറിലധികം പന്നികള്‍ അജ്ഞാത രോഗം ബാധിച്ച് ചത്തതായി നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കടുത്ത ആരോഗ്യഭീഷണി ഉയരുന്ന സാഹചര്യത്തിലും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒളിച്ചുകളി നടത്തുന്നതായി ആരോപിച്ച് എല്‍ഡിഎഫ് ജനപ്രതിനിധികള്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.
പുന്നക്കൊമ്പില്‍ ജിബിന്‍ എന്നയാളുടെ ഫാമിലാണ് അസാധാരണ സംഭവങ്ങള്‍ നടന്നത്. അസുഖം ബാധിച്ച് നിരവധി പന്നികള്‍ ചത്തതായാണ് ലഭിക്കുന്ന വിവരം. ലൈസന്‍സില്ലാതെ തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഈ ഫാം പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാരും ജനപ്രതിനിധിയും ആരോപിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ കൊണ്ടുവന്ന് പറമ്പില്‍ തള്ളുന്നത് കാരണം വലിയ മാലിന്യക്കൂമ്പാരം രൂപപ്പെട്ടിരിക്കുകയാണെന്ന് ഇവര്‍ പറയുന്നു.
മഴ പെയ്യുമ്പോള്‍ മലിനജലം സമീപത്തെ മഞ്ഞക്കടവ് പുഴയിലേക്ക് ഒഴുകി എത്തുന്നുണ്ട്. നിരവധി കുടിവെള്ള പദ്ധതികള്‍ ആശ്രയിക്കുന്ന പുഴയായതിനാല്‍ നിരവധി രോഗ വ്യാപനത്തിന് ഇത് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. രോഗം ബാധിച്ച പന്നികളെ രാത്രി അങ്കമാലി, ചാലക്കുടി, എറണാകുളം, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കടത്തുന്നതായും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
15 ദിവസം മുന്‍പ് പഞ്ചായത് വൈസ് പ്രസിഡന്റും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും സ്ഥലം സന്ദര്‍ശിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാര്‍ക്ക് പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.


