Asianet News MalayalamAsianet News Malayalam

ഒഴിഞ്ഞ മദ്യക്കുപ്പി കളയാന്‍ പോകവെ ട്രാക്കില്‍ വീണ യുവാവിനെ ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തി രക്ഷിച്ചു

എന്‍ജിന്‍റെ ആദ്യസെറ്റ് ചക്രങ്ങള്‍ യുവാവിനെ മറികടന്നിരുന്നു. പാളത്തിന്‍റെ മധ്യഭാഗത്ത് കിടന്നതിനാല്‍ ചക്രങ്ങള്‍ ദേഹത്ത് കയറിയില്ല. എന്നാല്‍ എന്‍ജിന്‍റെ ഭാഗങ്ങള്‍ വസ്ത്രങ്ങളില്‍ കുടുങ്ങാന്‍ തുടങ്ങിയിരുന്നു

loco pilot saves youths life even after engine runs over man fell on track
Author
Murukkumpuzha, First Published Jul 12, 2019, 9:30 AM IST

തിരുവനന്തപുരം: റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകവെ ട്രാക്കില്‍ വീണയാളെ ട്രെയിന്‍ നിര്‍ത്തി ലോക്കോപൈലറ്റ് രക്ഷിച്ചു. വേഗത്തില്‍ വരുന്ന ട്രെയിന്‍ കണ്ടതോടെ ട്രാക്കില്‍ നിന്ന് ഓടി മാറാനുള്ള ശ്രമത്തിനിടയിലാണ് യുവാവ് പാളത്തില്‍ വീണത്. യുവാവ് പാളത്തില്‍ വീഴുന്നത് കണ്ട ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

എന്‍ജിന്‍റെ ആദ്യസെറ്റ് ചക്രങ്ങള്‍ യുവാവിനെ മറികടന്നിരുന്നു. പാളത്തിന്‍റെ മധ്യഭാഗത്ത് കിടന്നതിനാല്‍ ചക്രങ്ങള്‍ ദേഹത്ത് കയറിയില്ല. എന്നാല്‍ എന്‍ജിന്‍റെ ഭാഗങ്ങള്‍ വസ്ത്രങ്ങളില്‍ കുടുങ്ങാന്‍ തുടങ്ങിയ നിലയിലായിരുന്നു യുവാവ് കിടന്നിരുന്നത്. ട്രെയിനിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യാഗസ്ഥരുടെ സഹായത്തോടെയാണ് ഇയാളെ പുറത്തെടുത്തത്.

മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപം അഭിലാഷ് ഭവനില്‍ അഭിലാഷിന്‍റെ ജീവനാണ് ലോക്കോപൈലറ്റിന്‍റെ ഇടപെടലിനെ തുടര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. പാളത്തില്‍ അതിക്രമിച്ച് കടന്നതിന് അഭിലാഷിനെതിരെ കേസെടുത്തിട്ടുണ്ട്.

ഒഴിഞ്ഞ മദ്യക്കുപ്പി കളയാന്‍ പോയതാണെന്ന് ഇയാള്‍ പറഞ്ഞു. കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെ പുനലൂര്‍ മധുര പാസഞ്ചറിന് മുന്‍പിലേക്കാണ് ഇയാള്‍ വീണത്. മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ട്രാക്കിന് സമീപത്താണ് അഭിലാഷിന്‍റെ വീട്. 

Follow Us:
Download App:
  • android
  • ios