ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പിന് തൃശൂര്‍ ജില്ലയിലേക്ക് ഗുജറാത്തില്‍ നിന്നുള്ള വോട്ടിങ് മെഷിനുകള്‍. ബാലറ്റ് പേപ്പര്‍ സംവിധാനം തിരികെ കൊണ്ടുവരാന്‍ രാജ്യത്താകമാനം മുറവിളി നടക്കുന്നതിനിടെയാണ് ഗുജറാത്തില്‍ നിന്ന് 5001 മെഷിനുകള്‍ ജില്ലയിലെത്തിച്ചത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെ രഹസ്യം വോട്ടിങ് മെഷിനുകളിലെ ക്രമക്കേടുകളാണെന്ന ആക്ഷേപം വ്യാപകമായിരുന്നു. 

തൃശൂര്‍: ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പിന് തൃശൂര്‍ ജില്ലയിലേക്ക് ഗുജറാത്തില്‍ നിന്നുള്ള വോട്ടിങ് മെഷിനുകള്‍. ബാലറ്റ് പേപ്പര്‍ സംവിധാനം തിരികെ കൊണ്ടുവരാന്‍ രാജ്യത്താകമാനം മുറവിളി നടക്കുന്നതിനിടെയാണ് ഗുജറാത്തില്‍ നിന്ന് 5001 മെഷിനുകള്‍ ജില്ലയിലെത്തിച്ചത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെ രഹസ്യം വോട്ടിങ് മെഷിനുകളിലെ ക്രമക്കേടുകളാണെന്ന ആക്ഷേപം വ്യാപകമായിരുന്നു. 

ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച ഹർജികള്‍ സുപ്രീം കോടതി പരിഗണിച്ചുവരികയാണ്. വോട്ടിങ് മെഷിനുകളുടെ വരവോടെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കുള്ള പ്രാരംഭ നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു. കളക്ടര്‍ ടി.വി അനുപമയും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.വി മുരളീധരനും ചേര്‍ന്ന് മെഷിനുകള്‍ ഏറ്റുവാങ്ങി. 

മൊബൈല്‍ ആപ്പ്, കമ്പ്യൂട്ടര്‍ എന്നിവയെ സംയോജിപ്പിച്ച് പുതിയ രീതിയില്‍ ചിട്ടപ്പെടുത്തിയതാണ് ഗുജറാത്തില്‍ നിന്നെത്തിയിട്ടുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍. രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. നിലവില്‍ പാര്‍ലമെന്‍റില്‍ തൃശൂരിനെ പ്രതിനിധീകരിക്കുന്ന സിപിഐ ഇതിനകം തന്നെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ സാന്നിധ്യത്തില്‍ പാര്‍ലമെന്‍റ് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. 

38,227 വോട്ടുകള്‍ക്കാണ് ഇവിടെ സിപിഐയിലെ സി.എന്‍ ജയദേവന്‍ കോണ്‍ഗ്രസിലെ കെ.പി ധനപാലനെ പരാജയപ്പെടുത്തിയത്. ഇത്തവണ ഡിസിസി പ്രസിഡന്‍റ് ടി.എന്‍ പ്രതാപന്‍ മത്സര രംഗത്തുണ്ടാവുമെന്നാണ് സൂചനകള്‍. ബിജെപിയും ഒരുങ്ങിത്തന്നെയാണ്. തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളാണ് ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ചത്. ആകെ പോള്‍ ചെയ്തതിന്‍റെ 11.15 ശതമാനം. എറണാകുളം ജില്ലയിലെ മണ്ഡലങ്ങള്‍ കൂടി ചേരുന്ന ചാലക്കുടിയില്‍ 10.50 ശതമാനവും ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒറ്റപ്പാലം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 9.47 ശതമാനവുമാണ് ബിജെപിക്ക് ലഭിച്ചത്.