തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയില്‍ ഒപി ടിക്കറ്റെടുക്കാൻ മണിക്കൂറുകള്‍ ക്യു നില്‍ക്കണം. ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് വന്‍ തിരക്ക് അനുഭവപ്പെടുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗികളുടെ വിവരങ്ങളെല്ലാം കംപ്യൂട്ടര്‍ വഴി ലഭ്യമാക്കുന്ന ഇ ഹെല്‍ത്ത് പദ്ധതി വ്യാഴാഴ്ച മുതലാണ് ജനറല്‍ ആശുപത്രിയില്‍ നടപ്പാക്കി തുടങ്ങിയത്. 

പദ്ധതി അനുസരിച്ച് ബാര്‍ കോഡുള്ള ഒപി ടിക്കറ്റാണ് രോഗികൾക്ക് നല്‍കുക. പുതിയതായി ഒപി ടിക്കറ്റെടുക്കുന്നവര്‍ക്ക് അധികനേരം ക്യൂവില്‍ നില്‍ക്കേണ്ടി വരില്ല. എന്നാല്‍ വീണ്ടും ഡോക്ടറെ കാണാനെത്തുന്നവരുടെ ഒപി കാര്‍ഡിലെ വിശദാംശങ്ങളടക്കം കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തേണ്ടതായുണ്ട്. ഇതിന് സമയമെടുക്കും. ഇതാണ് രോഗികളെ വലയ്ക്കുന്നത്. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന ശേഷമാണ് രോഗികള്‍ക്ക് ഓപി ടിക്കറ്റ് എടുക്കാനായത്. പദ്ധതി നടപ്പാക്കുമ്പോള്‍ നേരിടുന്ന പ്രതിസന്ധിയുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒരാഴ്ചക്കുള്ളിൽ പരിഹരിക്കാനാകുമെന്നും സൂപ്രണ്ട് ഡോ.സരിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.