ആലപ്പുഴ: കുട്ടനാട്ടില്‍ പാലത്തിലൂടെയുള്ള ഓട്ടത്തിനിടെ ടിപ്പര്‍ ലോറി മറിഞ്ഞ് ആറ്റിലേക്ക് വീണു. സംഭവത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെ കെട്ടിട നിര്‍മാണ സാമഗ്രികളുമയി ആനപറമ്പാല്‍ പാലത്തിലേക്ക് കയറിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

അമിത ലോഡ് കാരണമാണ് വാഹനത്തിന് നിയന്ത്രണം പോയത്. പുറകോട്ട് പോയി തലകീഴായി ആറ്റിലേക്ക് മറിയുകയായിരുന്നു. സംഭവത്തില്‍ ലോറിക്കടിയില്‍പ്പെട്ടുപോയ കുട്ടനാട് തലവടി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ കാഞ്ഞിരപ്പള്ളി അടിച്ചിറ വീട്ടില്‍ ജോബോയിക്ക് (65) ഗുരുതരമായി പരിക്കേറ്റു. ഇയാളെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മണിക്കൂറോളം എടുത്താണ് ലോറിയില്‍ നിന്നും രക്ഷപ്പെടുത്തിയത്.

ലോറില്‍ കയറ്റിയ കട്ടയുടെ അമിത ഭാരമാണ് അപകടത്തിന് കാരണം. പാലത്തിന് കൈവരികളില്ലാതിരുന്നത് അപകടത്തിന്‍റെ തീവ്രതക്ക് ആക്കം കൂട്ടി. മണിക്കൂറോളം വെള്ളത്തിനടിയില്‍ കഴിയേണ്ടിവന്നതിനാല്‍ ഡ്രൈവറുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതരും പറയുന്നത്. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന പാലത്തിന്‍റെ കൈവരികള്‍ പുനര്‍നിര്‍മിക്കണമെന്ന ആവശ്യം അധികൃതര്‍ നടപ്പാക്കിയില്ലെന്ന് നാട്ടുകാരും പറയുന്നു.

പാലത്തില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് മുന്‍പും പഞ്ചായത്ത് അധികൃതര്‍ വിലക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി സ്ഥാപിച്ച ഗര്‍ഡറുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അതെല്ലാം മണ്ണ് മാഫിയയും ടിപ്പര്‍ലോറി ഉടമകളും ചേര്‍ന്ന് മാറ്റിയിരുന്നു.