കല്‍പ്പറ്റ: കോഴിക്കോട് - മൈസൂര്‍ ദേശീയപാതയില്‍ ലോറി ഇടിച്ച് പരിക്കേറ്റ് കാട്ടാനയ്ക്ക് വനംവകുപ്പ് ചികിത്സ നല്‍കി വിട്ടയച്ചു. അപകടത്തിനിടയാക്കിയ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ലോറി അപകടത്തിലാണ് കാട്ടാനയ്ക്ക് പരിക്കേറ്റത്. അപകടം നടന്ന ഉടനെ മറ്റ് ആനകളോടൊപ്പം കാട്ടിനുള്ളിലേക്ക് കടന്ന ആനയെ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുങ്കിയാനകളുടെ സഹായത്തോടെ ഒപ്പമുണ്ടായിരുന്ന ആനകളെ തുരത്തി.

തുടര്‍ന്ന് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടിവെക്കുകയായിരുന്നു. ഏകദേശം 25 വയസുള്ള പിടിയാനക്കാണ് അപകടത്തില്‍ മുന്‍കാലിന് സാരമായി പരിക്കേറ്റത്. ചികിത്സ നല്‍കി വിട്ടയച്ചെങ്കിലും ആനയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു. 

അതേ സമയം ആന രക്ഷപ്പെടാനുള്ള സാധ്യത അമ്പത് ശതമാനം മാത്രമാണെന്ന് എസിഎഫ് അജിത് കെ രാമന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഡ്രൈവര്‍ ബാലുശേരി സ്വദേശി സമീജിനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മുത്തങ്ങ പൊന്‍കുഴിക്ക് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. മൈസൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ലോറി. മറ്റു ആനകള്‍ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടയെയായിരുന്നു പിടിയാനയെ ലോറി ഇടിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.