ആലപ്പുഴ: മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ മരിച്ച നിലയിൽ. കരുനാഗപ്പള്ളി കോഴി വിള സ്വദേശി ഷാനവാസ് (37) ആണ് മരിച്ചത്. എംസാൻഡുമായി എത്തിയ ലോറി ഇന്നലെ രാത്രിയോടെ ദേശീയപാതയിൽ മാരാരിക്കുളത്ത് സമീപം മോട്ടോർ വാഹന വകുപ്പ്  തടഞ്ഞു നിർത്തി. ഉടൻ ലോറി ഡ്രൈവറും സഹായിയും വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് സഹായി പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായിരുന്നില്ല പുലർച്ചെ മൂന്ന് മണിയോടെ കളിത്തട്ടിന് സമീപം ഡ്രൈവർ ഷാനവാസിനെ മരിച്ച നിലയിൽ കണ്ടെത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു .ഓടി രക്ഷപ്പെടുന്നതിനിടയിൽ ഹൃദയാഘാതം വന്നത്  ആകാമെന്ന്  പ്രാഥമിക നിഗമനം. 

സംഭവത്തില്‍ മാരാരിക്കുളം പൊലീസ് അന്വേഷണം തുടങ്ങി. ലോറിയിൽ അമിതഭാരം ഉള്ളതിനാൽ മോട്ടോർ വാഹന വകുപ്പ് വൻതുക പിഴ ഈടാക്കുമെന്ന് ഭയപ്പെട്ടാണ് ഓടിയത് എന്ന് സഹായി പൊലീസിനോട് പറഞ്ഞു.