കോഴിക്കോട് നടുവണ്ണൂരിൽ സ്കൂട്ടർ യാത്രികനായ വയോധികനെ ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോയി. പരിക്കേറ്റ അബ്ദുല്ലയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്: സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വയോധികനായ യാത്രികനെ ഇടിച്ചുവീഴ്ത്തിയ ശേഷം ലോറി നിര്‍ത്താതെ പോയി. കോഴിക്കോട്-പേരാമ്പ്ര സംസ്ഥാന പാതയില്‍ നടുവണ്ണൂര്‍ കാവുന്തറ റോഡ് ജംഗ്ഷനില്‍ വെച്ച് ഇന്ന് രാവിലെ 8.15 ഓടെയാണ് അപകടം നടന്നത്. നടുവണ്ണൂര്‍ ചാത്തോത്ത് താഴെ സ്വദേശി വരിയങ്ങല് താഴെകുനി അബ്ദുല്ലയാണ് അപകടത്തില്‍പ്പെട്ടത്.
നടുവണ്ണൂര്‍ മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ പേരാമ്പ്ര ഭാഗത്തുനിന്നെത്തിയ ലോറി ഇദ്ദേഹത്തിന്റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണാണ് അബ്ദുല്ലയ്ക്ക് പരിക്കേറ്റത്. എന്നാല്‍ അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ ലോറി ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിലാണ് അബ്ദുല്ലയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


