നീലേശ്വരം പരപ്പച്ചാലിൽ ഇന്ന് രാവിലെ ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ച സ്ഥലത്ത് വീണ്ടും അപകടം. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയാണ് പരപ്പച്ചാൽ പാലത്തിൽ നിന്നും താഴെ തോട്ടിലേക്ക് വീണത്. 

കാസര്‍കോട്: നീലേശ്വരം പരപ്പച്ചാലിൽ ഇന്ന് രാവിലെ ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ച സ്ഥലത്ത് വീണ്ടും അപകടം. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയാണ് പരപ്പച്ചാൽ പാലത്തിൽ നിന്നും താഴെ തോട്ടിലേക്ക് വീണത്. വെള്ളരിക്കുണ്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി സ്ക്കൂട്ടറിൽ ഇടിച്ച് പാലത്തിന്റെ കൈവരി തകർത്ത് മറിയുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരനും ലോറി ഡ്രൈവർക്കും പരിക്കേറ്റു.

കാലിച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്ക് ലോറി മറിഞ്ഞ് രാവിലെ ക്ലീനര്‍ മരിച്ചിരുന്നു. ഡ്രൈവര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. സിമന്‍റ് കയറ്റി വന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. കാഞ്ഞങ്ങാട്, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിയുടെ ക്യാബിനിൽ കുടുങ്ങി കിടക്കുകയായിരുന്ന ക്ലീനറെ ക്യാബിൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

Read more: ബ്ലഡ് മണി ലഭിച്ച 40 ലക്ഷം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചെലവഴിക്കാന്‍ തീരുമാനിച്ച് വിദ്യാര്‍ത്ഥിനിയുടെ പിതാവ്

ഓടിക്കൊണ്ടിരുന്ന മിനിലോറിക്ക് തീപിടിച്ചു; ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ കത്തിനശിച്ചു

അമ്പലപ്പുഴ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചത് ഭീതി പരത്തി. ഇന്നലെരാത്രി എ‌ട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടുപകരണങ്ങളുമായി കരുനാഗപ്പള്ളിയി ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിയിൽ തൂക്കുകുളം ഭാഗത്ത് വെച്ച് തീ പിടിക്കുകയായിരുന്നു. നാട്ടുകാർ ബഹളം ഉണ്ടാക്കിയെങ്കിലും ഡ്രൈവർ ശ്രദ്ധിക്കാതെ മുന്നോട്ടു പോയി.

പറവൂർ ജങ്ഷന് വടക്കുഭാഗത്തായി നാട്ടുകാർ മിനിലോറി തടഞ്ഞ് വിവരം ഡ്രൈവറെ അറിയിക്കുകയായിരുന്നു. റോഡരുകിലേക്ക് ലോറി ഒതുക്കി ഡ്രൈവർ മാറിയതിനാൽ ആളപായമുണ്ടായില്ല. ആലപ്പുഴയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നി രക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. മിനിലോറിയിൽ ഉണ്ടായിരുന്ന ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷിൻ തുടങ്ങിയ ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.