കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ പച്ചക്കറി ലോറിയിൽ എംഡിഎംഎയുമായി ഡ്രൈവർ പിടിയിലായി. പേരാവൂർ സ്വദേശിയായ മൻഷീദിൽ നിന്ന് 5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരികടത്ത് സംബന്ധിച്ച പരാതിയെ തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്.

കണ്ണൂർ: കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ എം ഡി എം എയുമായി ലോറി ഡ്രൈവർ പിടിയിൽ. പേരാവൂർ സ്വദേശി മൻഷീദാണ് പിടിയിലായത്. 5 ഗ്രാം എം ഡി എം എയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. പച്ചക്കറിയുമായി അതിർത്തി കടന്നെത്തുന്ന ലോറികളിൽ ലഹരികടത്തുന്നെന്ന പരാതിയെ തുടർന്നായിരുന്നു എക്സൈസിന്‍റെ പരിശോധന. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2018 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 109 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം ഡി എം എ (58.73 ഗ്രാം ), കഞ്ചാവ് (15.6452 കി.ഗ്രാം), കഞ്ചാവ് ബീഡി (79 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 10 മുതൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് ആരംഭിച്ചത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ ഡി ജി പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ ഡി പി എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.