Asianet News MalayalamAsianet News Malayalam

സമ്മാനം അടിച്ച ലോട്ടറിയുമായി കടയിലെത്തി; 10 മിനിറ്റില്‍ അറസ്റ്റ്, വമ്പന്‍ ട്വിസ്റ്റ്

ലോട്ടറി പരിശോധിച്ച കടയുടമ അൽപ്പസമയം കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു.  പത്തു മിനിറ്റിനു ശേഷം സ്റ്റാന്‍ലിയെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നതാണ് നാട്ടുകാര്‍ കണ്ടത്. മോഷ്ടാവിനെ പിടികൂടാൻ സിറ്റി പൊലീസ് വിരിച്ച വലയിൽ സ്റ്റാൻലി കൃത്യമായി വന്നു വീഴുകയായിരുന്നു

lottery theft arrest in thrissur
Author
Thrissur, First Published Sep 8, 2021, 8:23 AM IST

തൃശൂര്‍: മോഷ്ടിച്ച ലോട്ടറിയുമായി സമ്മാനം വാങ്ങാൻ വന്ന മധ്യവയസ്കൻ പൊലീസിന്‍റെ പിടിയിലായി. തൃശൂർ പാറളം സ്വദേശി സ്റ്റാൻലിയെ ആണ് തൃശൂർ സിറ്റി പൊലീസ് തന്ത്ര പൂർവം കുടുക്കിയത്. തന്‍റെ ടിക്കറ്റുകൾക്ക് 60,000 രൂപ ലോട്ടറി അടിച്ചു എന്നറിയിച്ചാണ് അമ്പത്തിയഞ്ചുകാരനായ സ്റ്റാൻലി നഗരത്തിലെ ലോട്ടറി വിൽപ്പന കേന്ദ്രത്തിൽ എത്തിയത്.

ലോട്ടറി പരിശോധിച്ച കടയുടമ അൽപ്പസമയം കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു.  പത്തു മിനിറ്റിനു ശേഷം സ്റ്റാന്‍ലിയെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നതാണ് നാട്ടുകാര്‍ കണ്ടത്. മോഷ്ടാവിനെ പിടികൂടാൻ സിറ്റി പൊലീസ് വിരിച്ച വലയിൽ സ്റ്റാൻലി കൃത്യമായി വന്നു വീഴുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പൂങ്കുന്നത്തെ കട കുത്തി തുറന്നു 15,000 രൂപയും കുറെ ലോട്ടറി ടിക്കറ്റുകളും  മോഷണം പോയത്.

കേസ്‌ അന്വേഷിച്ച വെസ്റ്റ് പൊലീസ് നഷ്ടപ്പെട്ട ലോട്ടറികളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഒരേ സീരീസിൽ ഉള്ള ടിക്കറ്റുകള്‍ക്ക് 60,000 രൂപ അടിച്ചെന്നു വ്യക്തമായതോടെ പ്രതി വരുമെന്നും വന്നാൽ അറിയിക്കണം എന്നും എല്ലാ ലോട്ടറി കടകളിലും രഹസ്യ നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് സ്റ്റാൻലി പിടിയിൽ ആയത്. കട കമ്പിപ്പാര ഉപയോഗിച്ചു കുത്തി തുറന്നതു താനാണെന്ന് സ്റ്റാൻലി സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios