ശോച്യാവസ്ഥയിൽ എൽപി സ്കൂൾ: തകർന്നിട്ട് 4 വർഷം, വാടകക്കെട്ടിടത്തിൽ തിങ്ങിഞെരുങ്ങി പഠിക്കുന്നത് 32 കുട്ടികൾ
പൂഞ്ചോല എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് ഈ നാല് മുറി വാടക കെട്ടിടത്തിലാണ്. 32 കുട്ടികളാണ് ഇവിടെ തിങ്ങി ഞെരുങ്ങി കഴിയുന്നത്. അതിൽ 90 ശതമാനവും ആദിവാസി കുട്ടികളാണ്.

പാലക്കാട്: പാലക്കാട് മണ്ണാർക്കാടിന് സമീപം പാമ്പൻതോട് ആദിവാസി കോളനിയിലെ എൽപി സ്കൂൾ തകർന്നിട്ട് നാലുവർഷം. 70 ലക്ഷം രൂപ ചെലവിട്ടെങ്കിലും പുതിയ കെട്ടിടത്തിൻ്റെ പണി എങ്ങുമെത്തിയില്ല. കുട്ടികൾ 2 വർഷമായി പഠിക്കുന്നത് കടമുറിയിലെ വാടക കെട്ടിടത്തിലാണ്. തിങ്കളും താരങ്ങളും തൂവെള്ളി കതിർ ചിന്നും തുംഗമാം വാനിൻ ചോട്ടിൽ ആണെൻ്റെ വിദ്യാലയം എന്ന് എഴുതിയത് ഒളപ്പമണ്ണയാണ്. എന്നാൽ ഈ ഒളപ്പമണ്ണ കവിതയിലെ വിശാലമായ വിദ്യാലയ മുറ്റം ഇവിടെയില്ല. പൂഞ്ചോല എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് ഈ നാല് മുറി വാടക കെട്ടിടത്തിലാണ്. 32 കുട്ടികളാണ് ഇവിടെ തിങ്ങി ഞെരുങ്ങി കഴിയുന്നത്. അതിൽ 90 ശതമാനവും ആദിവാസി കുട്ടികളാണ്.
2020 മാർച്ച് വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ കാരണം വാടക കെട്ടിടത്തിലേക്ക് മാറി. ഇപ്പോഴും സ്കൂളിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നതും ഉച്ചഭക്ഷണം ഉണ്ടാക്കുന്നതും ഈ കെട്ടിടത്തിൽ തന്നെയാണ്. 2021 ഒക്ടോബറിലാണ് ഈ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം തുടങ്ങിയത്. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപയാണ് നീക്കി വെച്ചത്. ആ 70 ലക്ഷം തീർന്നു. പക്ഷെ പക്ഷെ പണി ഇപ്പോഴും പാതി വഴിയിലാണ്. പണി പൂർത്തിയാക്കാൻ ഇനിയും 25 ലക്ഷം രൂപ കൂടി വേണമെന്നാണ് കോൺട്രാക്ടർമാർ പറയുന്നത്. എസ്ടി ഫണ്ടിൽ നിന്ന് കൂടുതൽ തുക ലഭിക്കാൻ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നാണ് കോങ്ങാട് എംഎൽഎ ശാന്തകുമാരിയുടെ വിശദീകരണം.
അടിച്ചുപാമ്പായി ആന, നേരം വെളുത്തിട്ടും കെട്ട് ഇറങ്ങിയില്ല, പിന്നാലെ കൂടിയ എക്സൈസ് സംഘം കണ്ടത്