കെഎസ്ആർടിസിയുടെ 7 വർഷം കഴിഞ്ഞ 704 ബസുകൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ് പുതിയ ബസുകൾ വാങ്ങുന്നത്.
തിരുവനന്തപുരം: ദീർഘദൂര യാത്രകളിൽ യാത്രക്കാർക്ക് മികച്ച സൌകര്യമൊരുക്കാൻ കെഎസ്ആർടിസി (KSRTC) വാങ്ങിയ ലക്ഷ്വറി ബസുകൾ (Luxury Bus) തലസ്ഥാനത്ത്. വോൾവോയുടെ സ്ലീപ്പർ ബസ്സുകളാണ് കെഎസ്ആർടിസി വാങ്ങിയത്. ഇതിലെ ആദ്യ ബസ് ആണ് ഇന്ന് തിരുവനന്തപുരത്ത് എത്തുന്നത്. എട്ട് സ്ലീപ്പർ ബസ്സുകളാണ് വോൾവോ കെഎസ്ആർടിസിക്ക് കൈമാറുക. ഇതുകൂടാതെ അശോക് ലെയ്‌ലാന്റ് കമ്പനിയുടെ 20 സെമി സ്ലീപ്പർ , 72 എയർ സസ്പെൻഷൻ നോൺ എസി ബസുകളും രണ്ട് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി കെഎസ്ആർടിസിക്ക് കൈമാറും.
കെഎസ്ആർടിസിയുടെ 7 വർഷം കഴിഞ്ഞ 704 ബസുകൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ് പുതിയ ബസുകൾ വാങ്ങുന്നത്. 2017 ന് ശേഷം ഇത് ആദ്യമായാണ് അത്യാധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ കെഎസ്ആർടിസിക്കായി വാങ്ങുന്നത്. സർക്കാർ അനുവദിച്ച 50 കോടി രൂപയിൽ നിന്നും 44.84 കോടി രൂപയാണ് അത്യാധുനിക ബസ്സുകൾ വാങ്ങാൻ കെഎസ്ആർടിസി ചെലഴിക്കുന്നത്. അതേസമയം കെഎസ്ആർടിസി- സ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കുള്ള നിയമനത്തിന്റെ ഭാഗമായി റാങ്ക് പട്ടിക ഈ ആഴ്ച പ്രസിദ്ധീകരിക്കും.
