തൃശൂർ കരിയന്നൂരിൽ കാട്ടുപന്നിയും മയിലും മൂലമുള്ള കൃഷിനാശം രൂക്ഷമായതിനെ തുടർന്ന് കർഷകർ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുന്നു. ചെങ്ങഴിക്കോടൻ ഉൾപ്പെടെ നൂറുകണക്കിന് വാഴകളും നെല്ലും നശിപ്പിക്കപ്പെട്ടതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഇവർക്ക് സംഭവിച്ചത്. 

തൃശൂർ: കാട്ടുപന്നി, മയിൽ എന്നീ വന്യജീവികളുടെ ശല്യം രൂക്ഷമായതോടെ കൃഷിനാശം നേരിടുന്ന കർഷകർ മനോവിഷമത്തോടെ കൃഷി എന്നന്നേക്കുമായി ഉപേക്ഷിക്കാൻ ഒരുങ്ങുന്നു. എരുമപ്പെട്ടി പഞ്ചായത്തിലെ കരിയന്നൂരിൽ നൂറുകണക്കിന് വാഴകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. ഓണമടക്കം വിപണിയിൽ പേരെടുത്ത ചെങ്ങഴിക്കോടൻ എന്ന നേന്ത്രവാഴയുടെ ഉത്ഭവ കേന്ദ്രമാണ് കരിയന്നൂർ ഗ്രാമം. ഇവിടെ വാഴകൃഷി ഇറക്കിയ കർഷകരുടെ നേന്ത്രവാഴകളും, നാടൻ വാഴകളുമാണ് ഇന്നലെ രാവിലെ കാട്ടുപന്നി വ്യാപകമായി നശിപ്പിച്ചത്. കരിയന്നൂർ സ്വദേശികളായ സുരേഷ്, വിജയൻ, നാരായണൻ നായർ, അനന്തൻ, വേലായുധൻ, ദിനേശ് തുടങ്ങിയവരുടെ തോട്ടങ്ങളിലെ വാഴകളാണ് വ്യാപകമായി നശിപ്പിച്ചിട്ടുള്ളത്.

ചെങ്ങഴിക്കോടൻ കൂടാതെ സ്വർണ്ണമുഖി, കമ്പം, തേനി ഇനത്തിൽപ്പെട്ട നാടൻ വാഴകളും നശിപ്പിച്ചിട്ടുണ്ട്. കമ്പിവേലി കെട്ടി കൃഷിയിടം സുരക്ഷിതമാക്കിയെങ്കിലും ഇവ തകർത്താണ് പന്നികൾ വാഴകൾ നശിപ്പിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്. കൊയ്തെടുക്കാറായ പാടശേഖരങ്ങളിലെ നെല്ലുകളും മയിലുകളും, പന്നിയും നശിപ്പിക്കുന്നതായി കർഷകർ പരാതി പറയുന്നു. ആവശ്യമായ നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം എന്നെന്നേക്കുമായി ജീവിതമാർഗമായ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നും കർഷകർ പറഞ്ഞു.