കിഴക്കേ നടക്കാവിലെ ക്രെസന്റ് ഹൗസ് എന്ന വീടിനാണ് മുനീറിന് 58 ലക്ഷം രൂപയുടെ ബാധ്യതയുള്ളത്. ഇത് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 48 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു

കോഴിക്കോട്: 30 വർഷത്തിലധികം മന്ത്രിയും എംഎൽഎയുമായി ഒടുവിൽ പാർലമെന്ററി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന ലീഗ് നേതാവ് എം കെ മുനീറിന് ബാക്കിയാകുന്നത് കടവും ജപ്തി നോട്ടീസും മറ്റു ബാധ്യതകളും.58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതോടെ സി എച്ച് മുഹമ്മദ്‌ കോയ പണിത നടക്കാവിലെ ക്രെസന്റ് ഹൗസ് എന്ന വീടിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. സി എച്ചിന്റെ ഖബറിടത്തോട് ചേർന്നുള്ള ക്രെസന്റ് ഹൗസ് ലീഗിന്റെ പല നിർണായക തീരുമാനങ്ങൾക്കും വേദിആയ ഇടം കൂടെയാണ്. മുനീറിന്റെ പിതാവ് സി എച്ച് മരിക്കുമ്പോഴും കടബാധ്യതകൾ ഉണ്ടായിരുന്നു. അന്ന് പാർട്ടി ഇടപെട്ടാണ് കടങ്ങൾ തീർത്തത്. കിഴക്കേ നടക്കാവിലെ ക്രെസന്റ് ഹൗസ് എന്ന വീടിനാണ് മുനീറിന് 58 ലക്ഷം രൂപയുടെ ബാധ്യതയുള്ളത്. ഇത് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 48 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു. പക്ഷേ ഇതും അദ്ദേഹത്തിന് അടച്ചു തീർക്കാൻ ആയിരുന്നില്ല. ഇതോടെയാണ് ഈ മാസം മാർച്ച് 31ന് മുമ്പ് ബാധ്യത തീർത്തില്ലെങ്കിൽ ജപ്തി അടക്കമുള്ള നടപടിയിലേക്ക് പോവേണ്ടി വരുമെന്ന് ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയും എം.കെ. മുനീറിന്റെ പിതാവുമായ സി.എച്ച്. മുഹമ്മദ് കോയ പണിത വീടാണിത്. ഇത് പിന്നീട് മുനീർ പുതുക്കി പണിയുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ കോഴിക്കോട് ജാഫർ ഖാൻ കോളനിയിലെ മുനീറിന്റെ മറ്റൊരു വീടും ജപ്തി ഭീഷണി നേരിട്ടിരുന്നു. തുടർന്ന് വിൽപന നടത്തിയാണ് ഇതിന്റെ ബാധ്യത തീർത്തത്. വർഷങ്ങൾക്കുശേഷം മുനീറിന്റെ മറ്റൊരു വീടും സമാനാവസ്ഥയിൽ ആയിരിക്കുകയാണ്. 2021ലെ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന്റെ ഭാഗമായി നൽകിയ സ്വത്തുവിവരങ്ങളുടെ അടിസ്ഥാനത്തിൽ 43425895 രൂപയുടെ ആസ്തിയാണ് എം കെ മുനീറിനുള്ളത്. 11 കേസുകളാണ് നേരിടുന്നതെന്നും എം കെ മുനീർ സത്യവാങ്മൂലം നൽകിയിരുന്നു. 9200000 രൂപയുടെ ബാധ്യതകളുമുണ്ടെന്ന് എംകെ മുനീർ 2021ൽ വ്യക്തമാക്കിയിരുന്നു.കൈക്കൂലിയുമായി ബന്ധപ്പെട്ടതും കലാപത്തിനുള്ള ശിക്ഷയുമായി ബന്ധപ്പെട്ട കുറ്റങ്ങളും അടക്കമുള്ള 11 കേസുകളുമാണ് എം കെ മുനീർ നേരിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം