Asianet News MalayalamAsianet News Malayalam

ഗാന്ധിഭവന് യൂസഫലിയുടെ പുതുവർഷ സമ്മാനം, 20 കോടി ചെലവിൽ ബഹുനില മന്ദിരം ഒരുങ്ങുന്നു, 300 പേർക്ക് താമസ സൗകര്യം 

ഗാന്ധിഭവനിലെ മുന്നൂറിലധികം അമ്മമാര്‍ക്ക് താമസിക്കുവാന്‍ പതിനഞ്ചു കോടിയിലധികം തുക മുടക്കി യൂസഫലി നിര്‍മ്മിച്ചുനല്‍കിയ ബഹുനില മന്ദിരത്തിനു സമീപത്തായാണ് പുതിയ കെട്ടിടം ഉയരുന്നത്.

MA Yusuff Ali laid foundation stone for multi storey building for Gandhibhavan prm
Author
First Published Dec 26, 2023, 1:06 AM IST

പത്തനാപുരം: പുതുവര്‍ഷത്തില്‍ ഗാന്ധിഭവന് മറ്റൊരു വലിയ സമ്മാനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ആയിരത്തിമുന്നൂറോളം അഗതികള്‍ക്ക് അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലെ പുരുഷവയോജനങ്ങള്‍ക്കായി പ്രമുഖ വ്യവസായിയും കാരുണ്യപ്രവര്‍ത്തകനുമായ എം.എ. യൂസഫലി നിര്‍മ്മിച്ചുനല്‍കുന്ന ബഹുനില മന്ദിരത്തിന് ക്രിസ്മസ് ദിനത്തില്‍ ശിലയിട്ടു. ഗാന്ധിഭവന്‍ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂര്‍ സോമരാജന്റെയും അന്തേവാസികളായ ചലച്ചിത്ര നടന്‍ ടി.പി. മാധവനടക്കം മുതിര്‍ന്ന പൗരന്മാരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ എം.എ. യൂസഫലിയാണ് ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. 

ഗാന്ധിഭവനിലെ മുന്നൂറിലധികം അമ്മമാര്‍ക്ക് താമസിക്കുവാന്‍ പതിനഞ്ചു കോടിയിലധികം തുക മുടക്കി യൂസഫലി നിര്‍മ്മിച്ചുനല്‍കിയ ബഹുനില മന്ദിരത്തിനു സമീപത്തായാണ് പുതിയ കെട്ടിടം ഉയരുന്നത്. മുന്നൂറോളം അന്തേവാസികള്‍ക്ക് അത്യന്താധുനിക സൗകര്യങ്ങളോടെ താമസിക്കാനുള്ള സംവിധാനങ്ങളൊരുക്കുന്ന കെട്ടിടം പൂര്‍ത്തിയാകുമ്പോള്‍ ഇരുപത് കോടിയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷ. മൂന്ന് നിലകളായാണ് നിര്‍മ്മാണം. മുകളിലായി 700 പേര്‍ക്ക് ഇരിക്കാവുന്ന പ്രാര്‍ഥനാഹാളുമുണ്ടാകും. അടിയന്തിര ശുശ്രൂഷാസംവിധാനങ്ങള്‍, പ്രത്യേക പരിചരണവിഭാഗങ്ങള്‍, ഫാര്‍മസി, ലബോറട്ടറി, ലൈബ്രറി, ഡൈനിംഗ് ഹാള്‍, ലിഫ്റ്റുകള്‍, മൂന്നു മതസ്ഥര്‍ക്കും പ്രത്യേകം പ്രാര്‍ത്ഥനാമുറികള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, ഓഫീസ് സംവിധാനങ്ങള്‍, കിടക്കകള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയെല്ലാമടങ്ങുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം രണ്ട് വര്‍ഷത്തിനുള്ളില്‍  പൂര്‍ത്തിയാക്കുമെന്ന് യൂസഫലി പറഞ്ഞു.

ഗാന്ധിഭവനിലെത്തിയ യൂസഫലിയെ അമ്മമാര്‍ പുഷ്പങ്ങള്‍ നല്‍കിയും കുട്ടികള്‍ ബാന്‍ഡ് മേളത്തോടെയുമാണ് സ്വീകരിച്ചത്. അദ്ദേഹം കേക്ക് മുറിച്ച് അമ്മമാര്‍ക്ക് നല്‍കി ക്രിസ്മസ് സന്തോഷം പങ്കിട്ടു. ഗാന്ധിഭവനിലെ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കുമൊപ്പം കേക്കു മുറിച്ച് ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്നശേഷമാണ് എം.എ. യൂസഫലി മടങ്ങിയത്. 

ശിലാസ്ഥാപന ചടങ്ങില്‍ യുസഫലിക്കൊപ്പം ലുലു ഗ്രൂപ്പ് ഇന്റനാഷണല്‍ കമ്മ്യൂണിക്കേഷന്‍ മാനേജര്‍ വി. നന്ദകുമാര്‍, ചീഫ് എഞ്ചിനീയര്‍ ബാബു വര്‍​ഗീസ്, മീഡിയ ഹെഡ് ബിജു കൊട്ടാരത്തിൽ, യൂസഫലിയുടെ സെക്രട്ടറി ഇ.എ. ഹാരിസ്, തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ് എന്നിവരും പങ്കെടുത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios