പാലക്കാട് ജില്ലയെ തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ റെയില്‍വേ ഗേറ്റിലാണ് അപകടമുണ്ടായത്.

തൃശൂര്‍: മിനി വാന്‍ റെയില്‍വെ ഗേറ്റ് ഇടിച്ച് തകര്‍ത്തു. പാലക്കാട് ജില്ലയെ തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ റെയില്‍വേ ഗേറ്റിലാണ് അപകടമുണ്ടായത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഗേറ്റ് രണ്ടായി മുറിഞ്ഞു. റെയില്‍വേ ക്രോസ് കടന്നുപോയ പിക്കപ്പ് വാനില്‍ ഘടിപ്പിച്ചിരുന്ന, വിറക് പൊളിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രത്തിന്റെ മുകള്‍ഭാഗം ഇടിച്ചാണ് റെയില്‍വെ ഗേറ്റ് രണ്ടായത്.

തുടര്‍ച്ചയായി ഉണ്ടാകുന്ന തടസങ്ങള്‍ മൂലം അടുത്തിടെയാണ് ആധുനിക രീതിയിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഇലക്ര്ടിക്കല്‍ റെയില്‍വെ ഗേറ്റ് നിലവില്‍ വന്നത്. ഇതാണ് രണ്ടായി മുറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് റൂട്ടില്‍ ഗതാഗതം ഭാഗികമായി സ്തംഭിച്ചു.

റെയില്‍വെ മെക്കാനിക്കല്‍ വിഭാഗം സ്ഥലത്ത് എത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. തകര്‍ന്ന ഗേറ്റിന് സമീപത്തെ അടിയന്തര സംവിധാനം ഉപയോഗിച്ചാണ് ഇപ്പോള്‍ ട്രെയിന്‍ കടത്തിവിടുന്നത്.