തിരുവനന്തപുരം: തടസമായ മതിലുകളിടിച്ചും മരങ്ങൾ മുറിച്ചുമാറ്റിയും ശ്രമകരമായ യാത്രയ്ക്കൊടുവിൽ തിരുവനന്തപുരം വിക്രംസാരാഭായി ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള പടുകൂറ്റൻ യന്ത്രം ലക്ഷ്യസ്ഥാനത്തെത്തുന്നു.  70 ടൺ ഭാരമുള്ള യന്ത്രം റോഡ് മാർഗം മുംബൈയിൽ നിന്നും തിരുവനന്തപുരത്തെത്തിക്കാൻ ഒരു വർഷമാണെടുത്തത്.

റോഡിലെ ചെറിയ കുന്നും കുഴിയും വരെ നിരത്തണം. ആവശ്യമെങ്കിൽ മതിലിടിച്ചും മരംമുറിച്ചും വഴിയൊരുക്കിയാണ് ഈ ഓട്ടോക്ലേവ് യന്ത്രമെത്തുന്നത്. 6 മീറ്ററിലധികം ഉയരവും ആറേമുക്കാൽ മീറ്റർ വീതിയും 70 ടൺ ഭാരവുമുള്ള ഓട്ടോക്ലേവ് യന്ത്രമാണ് ലോറിയിൽ.  മുംബൈയിലെ അംബർനാഥിൽ നിന്ന്  64 ചക്രങ്ങളിലേറി വട്ടിയൂർക്കാവ് വിക്രംസാരാഭായി സ്പേസ് സെന്ററിലേക്കാണ് കഴിഞ്ഞ വർഷം ജൂൺ 5ന് തുടങ്ങിയ യാത്ര.  ഗതാഗതവും വൈദ്യുതിയും നിയന്ത്രിച്ച്  കെഎസ്ഇബി, പൊലീസ് ഇങ്ങനെ സർക്കാർ വകുപ്പുകൾ യാത്രയിലുടനീളം കൈമെയ് മറന്ന് കൂടെയുണ്ട്. സുരക്ഷയുറപ്പാക്കി 32 ജീവനക്കാർ സദാസമയവും വാഹനത്തിനൊപ്പം നടക്കുന്നു.  8 കിലോമീറ്റർ മാത്രമാണ് ഒരു ദിവസം കൊണ്ട് പിന്നിടുന്ന ശരാശരി ദൂരം.  

ബഹിരാകാശ ദൗത്യത്തിനുള്ള ഭാരംകുറഞ്ഞ യന്ത്രഭാഗങ്ങൾ നിർമ്മിക്കാനുള്ള ഈ ഓട്ടോക്ലേവ് യന്ത്രത്തെക്കുറിച്ച് രസകരമായ ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നതായി ജീവനക്കാർ പറയുന്നു. 5 സംസ്ഥാനങ്ങൾ താണ്ടിയാണ് തലസ്ഥാനത്തെത്തിയത്.  നഗരത്തിൽകയറി 2 ദിവസത്തിനുള്ളിൽ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.