കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28 നാണ് വളാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാനും വളാഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ കെ വി ഉണ്ണികൃഷ്ണന്‍റെ കയ്യില്‍ നിന്ന് പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമം നടന്നത്.

മലപ്പുറം: മലപ്പുറം വളാഞ്ചേരി നഗരസഭാ വൈസ് ചെയര്‍മാന്‍റെ പക്കല്‍ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തൃശ്ശൂര്‍ സ്വദേശി മുകേഷ് എന്ന ബാഷയാണ് അറസ്റ്റിലായത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28 നാണ് വളാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാനും വളാഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ കെ വി ഉണ്ണികൃഷ്ണന്‍റെ കയ്യില്‍നിന്നും പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമം നടന്നത്. കേസിലെ രണ്ടാം പ്രതിയെ അന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഒന്നാം പ്രതിയായ മുകേഷിനെ പിടികിട്ടിയിരുന്നില്ല. 

പിന്നീട് വയനാട്ടിൽ രണ്ടര കോടിയോളം രൂപയുടെ പണം തട്ടിയ കേസിലാണ് മുകേഷ് ആദ്യം അറസ്റ്റിലായത്. റിമാന്‍റിലായ പ്രതിയെ വളാഞ്ചേരി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ നിരവധി മോഷണക്കേസുകള്‍ക്ക് തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞു. നഗരസഭ വൈസ് ചെയര്‍മാന്‍റെ ബാഗ് തട്ടിപ്പറിച്ച കേസില്‍ ഇനി ഓരാ‍ള്‍കൂടി പിടിയിലാകാനുണ്ട്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.