ഒരു മര്യാദയൊക്കെ വേണ്ടടെ... ചെക്കിൽ പിൻവലിച്ചത് 1 കോടി 78 ലക്ഷം, അക്കൌണ്ട് പക്ഷെ മറ്റൊരാളുടേത്, അറസ്റ്റ്!
ചെക്ക് ലീഫിൽ എഴുതിയെടുത്തത് ഒരു കോടി 78 ലക്ഷം, കാശിന് മൊത്തം സ്വർണം വാങ്ങി; അക്കൌണ്ട് പക്ഷെ മറ്റൊരാളുടേത്, അറസ്റ്റ്

കോഴിക്കോട്: കാലിക്കറ്റ് ട്രേഡ് സെന്‍റര്‍ ഉടമയുടെ ബാങ്ക് എക്കൗണ്ടില്‍ നിന്ന് ഒന്നേ മുക്കാല്‍ കോടി രൂപ തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. കോഴിക്കോട് നടക്കാവ് പൊലീസാണ് കോയമ്പത്തൂര്‍ സ്വദേശിയായ പ്രതി സര്‍വ്വേശിനെ പിടികൂടിയത്. കാലിക്കറ്റ് ട്രേഡ് സെന്‍റര്‍ ഉടമയും പെരിന്തല്‍മണ്ണ സ്വദേശിയുമായ പ്രമുഖ വ്യവസായി മുഹമ്മദ് അബ്ദുള്‍ കരീം ഫൈസലിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പ്രതി പണം തട്ടിയത്.
ചെക്ക് ഉപയോഗിച്ച് ബാങ്കിന്‍റെ കോയമ്പത്തൂര്‍ ശാഖയില്‍ നിന്ന് രണ്ട് തവണയായി ഒരു കോടി എഴുപത്തെട്ട് ലക്ഷം രൂപ പ്രതി സര്‍വ്വേശ് തട്ടുകയായിരുന്നു. വ്യവസാസിയുടെ സ്യൂട്ട് കേസില്‍ നിന്ന് തട്ടിയെട്ടുത്ത ചെക്ക് ലീഫില്‍ വ്യാജ ഒപ്പിട്ടാണ് പ്രതി സര്‍വ്വേശ് പണം പിന്‍വലിച്ചത്. ഇതിന് ഇയാളെ സഹായിച്ചവരും കേസില്‍ പ്രതികളാണ്. പിന്‍വലിച്ച തുകക്ക് സ്വര്‍ണ്ണം വാങ്ങി സര്‍വ്വേശ് മുങ്ങുകയും ചെയ്തു. കേസിലെ ഒരു കൂട്ടു പ്രതിയെ നടക്കാവ് പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
ഇയാളില്‍ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസ് കോയമ്പത്തൂരിലെത്തി. പൊലീസ് കോയമ്പത്തൂരിലെത്തിയതറിഞ്ഞ് സര്‍വ്വേശ് മുംബൈയിലേക്ക് കടന്നു. പിന്നീട് നടക്കാവ് പൊലീസ് സംഘം കോയമ്പത്തൂരില്‍ നിന്ന് മടങ്ങിയെന്ന് പ്രചരിപ്പിച്ച് പ്രതിയുടെ സ്ഥലത്തിന് സമീപം രഹസ്യമായി തങ്ങി. പൊലീസ് കേരളത്തിലേക്ക് മടങ്ങിയെന്ന് കരുതി പ്രതി സര്‍വ്വേശ് ദീപാവലി ആഘോഷിക്കാന്‍ നാട്ടിലേക്ക് വന്നു.
Read more: ട്രെയിൻ തട്ടി ഡ്രൈവറുടെ മരണം; കണ്ടക്ടറെ മർദിച്ച സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്
വിമാനത്താവളത്തില്‍ വെച്ച് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരില്‍ ചിലര്‍ വിദേശത്തേക്കും അന്യ സംസ്ഥാനങ്ങളിലേക്കും കടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.സര്‍വ്വേശിനെ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലില്‍ ഹാജരാക്കി. കോടതി സര്‍വ്വേശിനെ റിമാൻഡ് ചെയ്തു.