Asianet News MalayalamAsianet News Malayalam

മീൻ കിട്ടാനില്ല; മലബാറിലെ തീരദേശം ദുരിതത്തിൽ

മത്സ്യലഭ്യതയിൽ വൻ കുറവ്,മലബാറിലെ തീരദേശമേഖല വറുതിയിൽ. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ മത്സ്യബന്ധനവും തിരിച്ചടിയായി
 

malabar-traditional-fishermen-in-peril
Author
Kozhikode, First Published Jan 21, 2019, 10:29 AM IST

കോഴിക്കോട്: മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതോടെ വറുതിയിലാണ് മലബാറിലെ തീരദേശങ്ങൾ. പരമ്പരാഗത വള്ളങ്ങളിൽ 95 ശതമാനത്തിനും പണിയില്ലാതായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് തീരമേഖല. കാലാവസ്ഥ വ്യതിയാനവും അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനവുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.

കോഴിക്കോട്ടെ ചാലിയം ഹാർബറിൽ ഒരു കാലത്ത് മൽസ്യം കയറ്റിപ്പോകാൻ വരുന്ന വാഹനങ്ങളുടെയും കരാറുകാരുടെയും വലിയ തിരക്കുണ്ടായിരുന്നു എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. കഴിഞ്ഞ രണ്ട് വർഷം മൽസ്യ ലഭ്യത തീരെ കുറഞ്ഞു. വൻകിട കച്ചവടക്കാരും കരാറുകാരും തിരിഞ്ഞ് നോക്കാതായതോടെ തീരമേഖല വറുതിയിലാണ്. പ്രദേശവാസികളായ ആളുകൾ സ്വന്തം ആവശ്യത്തിന് മൽസ്യം വാങ്ങുന്നത് മാത്രമാണ് ഇപ്പോഴത്തെ വരുമാന മാർഗം.

ഇത് ചാലിയം ഹാർബറിന്‍റെ മാത്രം അവസ്ഥയല്ല. പൊന്നാനി മുതൽ കാസർഗോട് വരെയുള്ള വടക്കൻ കേരളത്തിലെ മൽസ്യതൊഴിലാളികൾക്കെല്ലാം പറയാനുള്ളത് ഈ കഥ തന്നെയാണ്. പലിശയ്ക്ക് കടം വാങ്ങിയും ബാങ്കിൽ നിന്ന് വായ്പയെടുത്തും മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങിയവരുടെ തിരിച്ചടവ് പോലും മുടങ്ങി.

നിയമ വിരുദ്ധമായി ആഴക്കടലും തീരക്കടലും അടിയിളക്കി കോരിയെടുക്കുന്ന മത്സ്യബന്ധന രീതി കൂടി വരുന്നതാണ് മത്സ്യക്ഷാമത്തിന് കാരണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു. കണ്ണിവലിപ്പം കുറഞ്ഞ വലയുപയോഗിച്ച് നടത്തുന്ന മൽസ്യ ബന്ധനവും തിരിച്ചടിയാകുന്നുണ്ട്. ചെറു മൽസ്യങ്ങളെ പിടിക്കുന്നതിന് നിരോധനമുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല. ഈ സീസണിൽ നന്നായി കിട്ടാറുള്ള അയല, മത്തി, മാന്തൾ, ചെമ്മീൻ എന്നിവ കിട്ടാതായതോടെ ആവശ്യക്കാരും ഗതികേടിലാണ്.

Follow Us:
Download App:
  • android
  • ios