ഒന്നും രണ്ടുമല്ല ഓള്‍ഡ് മങ്കിന്‍റെ 101 കുപ്പിയാണ് നടവരവായി ക്ഷേത്രത്തിലേക്ക് ലഭിച്ചത്. വടക്കന്‍ കേരളത്തില്‍ തെയ്യങ്ങള്‍ കെട്ടിയാടുമ്പോള്‍ നാടന്‍ കള്ള് ഉപയോഗിച്ചിരുന്നു. എന്നാല്‍ 1954 ല്‍ ഉത്പാദനം തുടങ്ങിയ 42.8 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഓള്‍ഡ് മങ്ക് ക്ഷേത്രത്തിലെ നടവരവായതിന് പല കഥകളാണ് പ്രചരിക്കുന്നത്. 

കൊല്ലം: ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും കയറാമെന്ന സുപ്രീംകോടതി വിധിക്കെതിരായിരുന്നു രാജ്യം ഭരിക്കുന്ന ബിജെപിയും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും. ആചാരം തെറ്റിക്കാന്‍ സമ്മതിക്കില്ലെന്നാണ് ഇരുകൂട്ടരുടെയും വാദം. അതിനി സുപ്രീംകോടതി പറഞ്ഞാലും നടക്കില്ലെന്നാണ്.

എന്നാല്‍ ഇവിടെ വിചിത്രമായ ഒരു ആചാരം നടക്കുന്ന ക്ഷേത്രമുണ്ട് കൊല്ലം ജില്ലയില്‍. ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ഏക ദുര്യോധന ക്ഷേത്രമായ കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുതി മലനട ക്ഷേത്രത്തില്‍. ക്ഷേത്രത്തില്‍ മാര്‍ച്ച് 22 ന് നടക്കുന്ന ഉത്സവാഘോഷത്തിന് മുന്നോടിയായി കിട്ടിയ നടവരവില്‍ ഏറ്റവും ശ്രദ്ധേയമായത് മദ്യകുപ്പികളാണ്.

ഒന്നും രണ്ടുമല്ല ഓള്‍ഡ് മങ്കിന്‍റെ 101 കുപ്പിയാണ് നടവരവായി ക്ഷേത്രത്തിലേക്ക് ലഭിച്ചത്. വടക്കന്‍ കേരളത്തില്‍ തെയ്യങ്ങള്‍ കെട്ടിയാടുമ്പോള്‍ നാടന്‍ കള്ള് ഉപയോഗിച്ചിരുന്നു. എന്നാല്‍ 1954 ല്‍ ഉത്പാദനം തുടങ്ങിയ 42.8 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഓള്‍ഡ് മങ്ക് ക്ഷേത്രത്തിലെ നടവരവായതിന് പല കഥകളാണ് പ്രചരിക്കുന്നത്. 

ഇവിടെ കൌരവരില്‍ ദുര്യോധനന്‍ മുതല്‍ ദുശ്ശളവരെ 101 പേര്‍ക്കും മലനട ഗ്രാമത്തില്‍ ക്ഷേത്രങ്ങളുണ്ട്. ഈ 101 പേര്‍ക്കായാണ് 101 കുപ്പി റം കാഴ്ചവെക്കുന്നത്. പാണ്ഡവരെ ഇല്ലാതാക്കാന്‍ ഇറങ്ങിത്തിരിച്ച ദുര്യോധനന് മലനടയിലെത്തിയപ്പോള്‍ ദാഹം തോന്നി. അടുത്തുള്ള വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോള്‍ വീട്ടുകാരി കള്ളാണ് നല്‍കിയത്. 

ഇതിന്‍റെ സ്മരണയ്ക്കായാണ് ഇപ്പോള്‍ ഓള്‍ഡ് മങ്ക് ക്ഷേത്രത്തിലേക്ക് നല്‍കുന്നത്. ഏതായാലും കാലങ്ങളായുള്ള ആചാരമാണ് അതിനാല്‍ അത് തെറ്റിക്കരുതെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. പോരുവഴി പെരുവിരുതി ക്ഷേത്രോത്സവത്തിന് ക്ഷണിച്ചു കൊണ്ടുള്ള കിരണ്‍ ദീപുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്.