മലപ്പുറം: ജില്ലയിൽ വിദഗ്ധ പരിശോധനാ ഫലം ലഭിച്ച 130 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. 196 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കൊവിഡ് 19 പ്രതിരോധ മുഖ്യ സമിതിയുടെ അവലോകന യോഗത്തിൽ ജില്ലാ കലക്ടർ പറഞ്ഞു.

247 പേരാണ് ജില്ലയിലിപ്പോൾ പ്രത്യേക നിരീക്ഷണത്തിലുള്ളത്. 31 പേർ ഐസൊലേഷൻ വാർഡുകളിലും 216 പേർ വീടുകളിൽ സ്വയം നിരീക്ഷണത്തിലുമാണ്. മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ 24 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നാലുപേരും തിരൂർ ജില്ലാ ആശുപത്രിയിൽ മൂന്നുപേരുമാണ് ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലുള്ളത്.

വൈറസ്ബാധയില്ലെന്നു സ്ഥിരീകരിച്ച 20 പേർ ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. 32 പേർക്കു കൂടി ശനിയാഴ്ച മുതൽ നിരീക്ഷണം ഏർപ്പെടുത്തി. പ്രത്യേക നിരീക്ഷണത്തിൽ നിർത്തേണ്ടവരുടെ എണ്ണം വർധിക്കുകയാണെങ്കിൽ സർക്കാർ ആശുപത്രികൾക്കു പുറമെ സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങളും ഉപയോഗപ്പെടുത്താൻ തീരുമാനമായി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക