Asianet News MalayalamAsianet News Malayalam

വിദ്യാര്‍ഥിയെ സ്റ്റോപ്പിലിറക്കിയില്ല, കളക്ടര്‍ ബസ് പിടിച്ചെടുത്തു; കണ്ടക്ടര്‍ 10 ദിവസം ശിശുഭവനില്‍ പണിയെടുക്കാനും ഉത്തരവിട്ടു

ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങള്‍ക്കുശേഷം കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരുടെ  വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് പ്രത്യാശിക്കാമെന്നും കളക്ടർ കുറിച്ചു

malappuram collector jaffar malik take action against private bus conductor
Author
Thiruvananthapuram, First Published Jul 24, 2019, 9:06 PM IST

തിരുവനന്തപുരം: വിദ്യാർത്ഥിയെയും സഹോദരനെയും ബസ് സ്റ്റോപ്പിൽ ഇറക്കാതെ പോയെന്ന പരാതിയില്‍ മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്കിന്‍റെ ശക്തമായ നടപടി. വിദ്യാര്‍ഥിയെ സ്റ്റോപ്പില്‍ ഇറക്കാതെ പോയ സ്വകാര്യ ബസ് കണ്ടക്ടർ 10 ദിവസം ശിശുഭവനിൽ കെയര്‍ടേക്കറായി ജോലി ചെയ്യണമെന്ന് കളക്ടര്‍ ഉത്തരവിട്ടു. വിദ്യാർഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ സഹാനുഭൂതിയില്ലായ്മയ്ക്ക് കളക്ടർ നൽകിയ എട്ടിന്‍റെ പണിക്ക് കയ്യടിയുമായി സോഷ്യൽ മീഡിയ.

ചൊവാഴ്ച വൈകിട്ട് മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ നടന്ന സംഭവത്തിൽ പരാതി ലഭിച്ച ഉടനെ തന്നെ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മലപ്പുറം ആര്‍ ടി ഒ നടത്തിയ അന്വേഷണത്തിൽ ബസ്സിലെ കണ്ടക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് കൊറമ്പയിൽ എന്ന ബസ് മലപ്പുറം ആര്‍ ടി ഒ പിടിച്ചെടുത്തു. തുടർന്നാണ് ബസിലെ  കണ്ടക്ടര്‍ കുട്ടികളോട്  സഹാനുഭൂതിയില്ലാതെ  പെരുമാറിയ സാഹചര്യത്തില്‍  ഇയാള്‍ക്ക്  മാതൃകാപരമായ  ശിക്ഷ നല്‍കി പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക്  വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടർ തീരുമാനിച്ചത്.

ബസ് കണ്ടക്ടര്‍ 10 ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ തവനൂര്‍ ശിശുഭവനില്‍  കെയര്‍ടേക്കറായി ജോലി ചെയ്യണമെന്ന് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി. ഇതിനായി 25/07/2019-ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ ബസ് കണ്ടക്ടർ റിപ്പോര്‍ട്ട് ചെയ്യണം. പ്രസ്തുത കാലയളവില്‍ ഇദ്ദേഹം ശിശുഭവന്‍ സൂപ്രണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണെന്ന് ജില്ലാ കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങള്‍ക്കുശേഷം കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരുടെ  വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന്  നമുക്കു പ്രത്യാശിക്കാമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ കളക്ടർ രേഖപ്പെടുത്തി.

കളക്ടറുടെ കുറിപ്പ്

 

മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ ഇന്നലെ ( 23/07/2019) വൈകിട്ട് വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ല‍ഭിച്ച പരാതിയില്‍ മലപ്പുറം ആര്‍.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആര്‍.ടി. ഒ ബസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബസിലെ കണ്ടക്ടര്‍ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തില്‍ ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കി പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ് . ബസ് കണ്ടക്ടര്‍ 10 ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്നതിന് ഉത്തരവ് നല്‍കുകയും ഇതിനായി 25/07/2019-ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട് . പ്രസ്തുത കാലയളവില്‍ ഇദ്ദേഹം ശിശുഭവന്‍ സൂപ്രണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണ് .

ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങള്‍ക്കുശേഷം കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാം.

 

Follow Us:
Download App:
  • android
  • ios