Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് പിന്നാക്ക - ആദിവാസി മേഖലയിലെ നാല് ബദൽ സ്കൂളുകളിൽ കുട്ടികൾ പട്ടിണിയിൽ!

സംസ്ഥാനത്തെ 270 ബദൽ സ്കൂളുകൾ ഈ വർഷം മുതൽ പ്രവർത്തിക്കേണ്ടെന്നും, ഇവിടെയുള്ള കുട്ടികളെ തൊട്ടടുത്ത സ്കൂളുകളിലേക്ക് മാറ്റണമെന്നും കാട്ടിയുള്ള ഉത്തരവ് മെയ് 25-നാണ് വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയത്. 

Malappuram Four Tribal Schools Do Not have Lunch Facility Seious Lapse By Education Department
Author
Malappuram, First Published Jun 2, 2022, 12:33 PM IST

മലപ്പുറം: മലപ്പുറത്തെ പിന്നാക്ക -ആദിവാസി മേഖലയിൽ പൂട്ടരുതെന്ന ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരം പ്രവർത്തിക്കുന്ന നാല് ബദൽ സ്കൂളുകളിൽ കുട്ടികൾ പട്ടിണി കിടക്കുകയാണ്. ഈ സ്കൂളുകൾ പ്രവർത്തിക്കണമെന്ന ഹൈക്കോടതി നിർദേശം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് കാണിച്ച് ഇവിടെ ഉച്ചഭക്ഷണത്തിനുള്ള സാമഗ്രികൾ ജില്ലയിലെ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ എത്തിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഉച്ചഭക്ഷണം കൊടുക്കാൻ സ്കൂളധികൃതർക്ക് നിവൃത്തിയുമില്ല. 

എടവണ്ണ പ‍ഞ്ചായത്തിലെ അരിമംഗലം എംജിഎൽസി, തൃക്കലങ്ങോട്ടെ തരിക്കുളം, കരുവാരക്കുണ്ടിലെ അരിമണൽ, മഞ്ഞൾപ്പാറ എംജിഎൽസികൾ എന്നീ സ്കൂളുകളിലെ നാനൂറോളം കുട്ടികൾക്കാണ് ദുർഗതി. ഇന്നലെ പ്രവേശനോത്സവം കഴിഞ്ഞ ശേഷം കുട്ടികളെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു അധ്യാപകർ. ഇന്നും കുട്ടികളെ ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് പറഞ്ഞയക്കാനാണ് വെറെ വഴിയില്ലാതെ അധ്യാപകരുടെ തീരുമാനം. 

വലിയ വരുമാനമൊന്നുമില്ലാത്ത മേഖലകളിലെ കുട്ടികളും, ആദിവാസിമേഖലകളിലെ കുട്ടികളും പഠിക്കുന്ന സ്കൂളുകളാണ് ഈ നാലും. ഇവിടെയുള്ള കുട്ടികൾക്ക് സ്കൂളിലെ ഉച്ചഭക്ഷണം വലിയൊരു അനുഗ്രഹമായിരുന്നു.

സംസ്ഥാനത്തെ പിന്നാക്ക- ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന 273 ബദൽ സ്കൂളുകൾ ഈ വർഷം മുതൽ പ്രവർത്തിക്കേണ്ടെന്നും, ഇവിടെയുള്ള കുട്ടികളെ തൊട്ടടുത്ത സ്കൂളുകളിലേക്ക് മാറ്റണമെന്നും കാട്ടിയുള്ള ഉത്തരവ് മെയ് 25-നാണ് വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയത്. ഇതിനെതിരെയാണ് മലപ്പുറത്തെ നാല് സ്കൂളുകൾ ഹൈക്കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ച ഹൈക്കോടതി, നിർബന്ധമായും നാല് സ്കൂളുകളും പ്രവർത്തിക്കണമെന്നും വിടുതൽ സർട്ടിഫിക്കറ്റ് നൽകി കുട്ടികളെ പറഞ്ഞയക്കരുതെന്നും ഇവിടത്തെ വിദ്യാ വളണ്ടിയർമാരെ പറഞ്ഞയക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. 

എന്നാൽ ഇതനുസരിച്ച് ജൂൺ 1-ന് സ്കൂളിലെത്തിയ കുട്ടികൾക്ക് പക്ഷേ ഉച്ചഭക്ഷണമുണ്ടായിരുന്നില്ല. തുവ്വക്കാട്ടെ അരിമംഗലം ബദൽ സ്കൂളിലെ 140 കുട്ടികളെയും ഇന്നലെയും ഇന്നും വീട്ടിലേക്ക് പറഞ്ഞയക്കുകയാണ്. 19 വർഷമായി മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മെയ് 25-ന് വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. എന്നാൽ മികച്ച സൗകര്യങ്ങളുള്ള ബദൽ സ്കൂളുകളെ പൂട്ടുന്ന ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ രംഗത്തുവരികയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പിടിഎ കമ്മിറ്റികളാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുൻ എംഎൽഎ അഡ്വ. എം ഉമറിന്‍റെ നേതൃത്വത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് അനുകൂല ഉത്തരവുണ്ടായത്. 

''ഇന്നലെയും ഭക്ഷണം കിട്ടീല, ഇന്നും ഭക്ഷണം കിട്ടീല, ഇന്നുച്ചയ്ക്ക് വീട്ടിക്ക് പോണം എന്നാണ് മാഷ്മ്മാര് പറയ്ന്നത്'', സ്കൂളിലെ കുട്ടികൾ പറയുന്നു. ഇന്നലെയും ഇന്നുമായി ഉച്ചയ്ക്ക് ശേഷമുള്ള അധ്യയനം ഈ കുട്ടികൾക്ക് നഷ്ടമായി. വിദ്യാഭ്യാസവകുപ്പിന്‍റെ നടപടി വൈകിയാൽ ഇനിയുള്ള ദിവസങ്ങളിലും ഈ കുട്ടികൾക്ക് ക്ലാസുകൾ നഷ്ടമാകും. ഇവർ പട്ടിണിയിലുമാകും. 

Latest Videos
Follow Us:
Download App:
  • android
  • ios