കാളികാവില്‍ മലയോര ഹൈവേയില്‍ ടിപ്പറില്‍ നിന്ന് മണ്ണ് വീണ് റോഡ് അപകടകരമാംവിധം ചളി നിറഞ്ഞു. ഇതു വഴി പോയ വാഹനങ്ങളിൽ നിന്ന് തെന്നി വീണ് 10 പേർക്ക് പരിക്കേറ്റു. ഒരു കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ചെളി കാൽനടക്കാർക്ക് പോലും ബുദ്ധിമുട്ടായി മാറി. 

മലപ്പുറം: സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്ക് ടിപ്പറില്‍ മണ്ണ് കൊണ്ടുപോകുന്നതിനിടെ മലയോര ഹൈവേയില്‍ വലിയ തോതില്‍ ചളി നിറഞ്ഞു. ഇത് കാരണം റോഡില്‍ തെന്നിവീണ് പത്തിലേറെ ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഒരു കിലോ മീറ്ററിലേറെ ദൂരത്തില്‍ മലയോര ഹൈവേയില്‍ മങ്കുണ്ടില്‍ റോഡില്‍ ചളിയായി മാറിയതോടെ ഉദരംപൊയിലിലെ വൈദ്യര്‍ ഉമ്മു സല്‍മക്ക് (44) ബൈക്ക് തെന്നിവീണ് കാലിന്റെ എല്ല് പൊട്ടി പരിക്കേറ്റു. കാളികാവ് മങ്കുണ്ടിലാണ് ഒരു കിലോമീറ്ററിലേറെ ദുരത്തില്‍ ചെളി നിറഞ്ഞത് വാഹനാപകടങ്ങള്‍ക്ക് കാരണമായത്. റോഡിലൂടെ കൊണ്ടുപോകുന്നതിനിടെ റോഡില്‍ മണ്ണ് വീഴുകയും ഇത് റോഡിലൂടെ ചളിയായി മാറുകയും ചെയ്തു. കാളികാവ് മങ്കുണ്ട് മുതല്‍ ഉദരംപൊയിലിന് സമീപം വരെ കാല്‍നടക്കാർക്ക് പോലും ബുദ്ധിമുട്ടാകുന്ന തരത്തില്‍ ചെളി നിറഞ്ഞു.

ആധുനികരീതിയില്‍ ഒന്നാം ഘട്ടം ടാറിങ് ചെയ്ത റോഡ് മിനുസമുള്ളതാണ്. ഇതില്‍ ചളിയും വെള്ളവും ചേര്‍ന്നതോടെയാണ് ബൈക്കുകള്‍ തെന്നിപ്പോകാനിടയായത്. പലര്‍ക്കും കൈക്കും കാലിനും പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങവേ ബൈക്കില്‍ നിന്ന് വീണ് നിലമ്പൂര്‍ സ്വദേശിക്ക് ദേഹമാസകലം മുറിവേറ്റിട്ടുണ്ട്. ഇനിയും ഒട്ടേറെ ഭാഗങ്ങളില്‍ റോഡില്‍ നിറയെ മണ്ണ് ചളിയും പൊടിയുമായി തങ്ങി നില്‍ക്കുന്നുണ്ട്. ഇനിയും മഴ പെയ്താല്‍ റോഡില്‍ വീണ്ടും അപകടങ്ങള്‍ക്കിടയാക്കുമെന്നാണ് നാട്ടുകാരുടെ പരാതി.