ക്രിപ്റ്റോ കറൻസിയുടെ പേരിൽ യുവാവിനെ പറ്റിച്ച് കൈക്കലാക്കിയത് 15.30 ലക്ഷം, ഒടുവിൽ മലപ്പുറം സ്വദേശിക്ക് പിടിവീണു
ഒളിവിലായിരുന്ന ഷാഫി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും ലുക്ക്ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിലാവുകയായിരുന്നു.
ആലപ്പുഴ: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലെ പ്രധാന പ്രതി പിടിയിൽ. മലപ്പുറം തിരൂർ പൊൻമുണ്ടം പറമ്പത്ത് വീട്ടിൽ മുഹമ്മദ് ഷാഫി (30) യാണ് മാവേലിക്കര പൊലീസിന്റെ പിടിയിലായത്. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയായ യുവാവിൽ നിന്ന് ഇരട്ടിലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 15,30,000 രൂപ പലപ്പോഴായി തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പിനിരയായ യുവാവ് പൊലീസില്‍ പരാതി നൽകി. അന്വേഷണത്തിൽ കേസിലെ പ്രതികളെല്ലാം ഒളിവിലാണന്നും ഇവർ സമാനമായ പല കേസുകളിലും പ്രതികളാണെന്നും തിരിച്ചറിഞ്ഞു. ഒളിവിലായിരുന്ന ഷാഫി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും ലുക്ക്ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിലാവുകയായിരുന്നു.
മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ സത്യൻ പി.ബി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗംഗ പ്രസാദ്, സിവിൽ പൊലീസ് ഓഫീസർ ഷബീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.