നാലുമാസം മുമ്പ് താഷ്‌കന്റ്-ഡല്‍ഹി യാത്രക്കിടെയാണ് വിമാനത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉസ്‌ബെക് വനിതയുടെ ജീവ രക്ഷിക്കാന്‍ അനീസിന്റെ തക്ക സമയത്തെ ഇടപെടല്‍ സഹായകമായത്.
മലപ്പുറം: ഉസ്‌ബെകിസ്താന്റെ 'ഹീറോ' ആയി മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി. വിമാനയാത്രക്കിടെ ഉസ്‌ബെക്കിസ്ഥാൻ വനിതയുടെ ജീവന്‍ രക്ഷിച്ചതിന് തിരൂര്‍ പുറത്തൂര്‍ സ്വദേശി അനീസ് മുഹമ്മദിനാണ് അംഗീകാരം. 'ഹിറോ ഓഫ് ഉസ്‌ബെകിസ്താന്‍' എന്ന ബഹുമതി നല്‍കിയാണ് വിദ്യാര്‍ഥിയെ ആദരിച്ചത്. താഷ്‌കന്റ്‌റ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി അനീസ് മുഹമ്മദിനെയാണ് പ്രൗഢമായ സദസ്സില്‍ ഉസ്‌ബെകിസ്താനിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ യുക്കാലിഷ് മൂവ്മെന്റ് 'ഹീറോ ഓ ഫ് ഉസ്‌ബെകിസ്താന്‍' ബഹുമതി നല്‍കി ആദരിച്ചത്.
നാലുമാസം മുമ്പ് താഷ്‌കന്റ്-ഡല്‍ഹി യാത്രക്കിടെയാണ് വിമാനത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉസ്‌ബെക്കിസ്ഥാൻ വനിതയുടെ ജീവ രക്ഷിക്കാന്‍ അനീസിന്റെ തക്ക സമയത്തെ ഇടപെടല്‍ സഹായകമായത്. ഡല്‍ഹിയിലേക്ക് ഫെല്ലോഷിപ്പിനായുള്ള യാത്രക്കിടെ വിമാനത്തില്‍ അടിയന്തര സഹായം തേടിയുള്ള അനൗണ്‍സ്‌മെന്റ് കേട്ടാണ് അനീസ് ഇടപെടുന്നത്. ഹൃദ്രോഗിയായ ഉസ്‌ബെക്കിസ്ഥാൻ വനിതക്ക് അടിയന്തര പരിചരണം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അനീസിന് കഴിഞ്ഞു. യു.എ.ഇയില്‍ പ്രവാ സിയായ പുറത്തുര്‍ ശാന്തിനഗറി ല്‍ പാടശ്ശേരി ഹുസൈനിന്റെയും റഹ്‌മത്തിന്റെയും മകനാണ് അനീസ് മുഹമ്മദ്.



