മലപ്പുറം: ലോക്ക് ഡൌൺ സമയത്ത് വീട്ടിലിരുന്നു മുഷിയാൻ തത്കാലം മലപ്പുറം പൂക്കോട്ടൂരിലെ പള്ളിമുക്ക് നിവാസികൾ ഒരുക്കമല്ലായിരുന്നു. ഗ്രാമ ഭംഗിയിൽ നിറഞ്ഞു നിൽക്കുന്ന തങ്ങളുടെ നാട് ഒന്നുകൂടി മൊഞ്ചാക്കിയാലോ എന്നവർ ചിന്തിച്ചു. ചിന്തകൾ ആലോചനയായതും ചർച്ചയായതും പെട്ടന്ന്. വാട്സ്ആപ്പ് ഗ്രുപ്പിലൂടെ തുടർചർച്ച നടന്നതോടെ  'ബ്യൂട്ടിഫിക്കേഷൻ പള്ളിമുക്ക്' എന്ന പേരിൽ പദ്ധതിയും തുടങ്ങി. 

ദിവസങ്ങൾക്കകം പള്ളിമുക്ക് ശരിക്കും സുന്ദരിയായി മാറി. പാടത്തിന്റെ നടുവിലൂടെ കടന്ന് പോകുന്ന റോഡിൽ നിരവധി ആളുകൾ ഭംഗി ആസ്വദിക്കാനും കാറ്റ് കൊള്ളാനും എത്താറുണ്ട്. നീണ്ടു നിൽക്കുന്ന വയലുകളും ഒഴിഞ്ഞ സ്ഥലത്ത് പന്ത് കളിക്കുന്ന കുട്ടികളും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.  ഇത് മുന്നിൽക്കണ്ടാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതിക്ക് സർക്കാർ ഫണ്ടൊന്നും ഇവർ കാത്തുനിന്നല്ല, നാട്ടുകാരിൽ നിന്നും നാട്ടിലെ പ്രവാസികളിൽ നിന്നും പിരിച്ചെടുത്ത രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് സൗന്ദര്യ വത്കരണം പൂർത്തിയായത്. 

പത്ത് ഇരിപ്പിടങ്ങളും ചെടികളും നാല് സോളാർ വിളക്കുകളും റോഡിന് ഇരുവശങ്ങളിലുമായി  ഇവർ സ്ഥാപിച്ചു. നാട്ടുകാരനായ ആർക്കിറ്റെക്ടർ അഫ്സൽ കൊളക്കടനാണ് പദ്ധതിക്ക് മുന്നൊരുക്കങ്ങൾ നടത്തിയത്. വാർഡ് മെമ്പർ കെ പി മുഹമ്മദ്‌ റബീറും ഒപ്പം നിന്നതോടെ നാടിന്റെ കൂട്ടായ വിജയമായി ഇത് മാറി.  ഈ വഴിയിലൂടെ കടന്ന് പോകുന്ന ആരും ഇവിടെ ഒന്ന് നിർത്താനും ഭംഗി ആസ്വദിക്കാനും സമയം കണ്ടെത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഏതായാലും തങ്ങളുടെ 'കേന്ദ്രങ്ങൾ' സുന്ദരമായതോടെ  ദിവസവും സൊറ പറഞ്ഞിരിക്കുന്ന യുവാക്കളും വയോധികരും ഡബിൾ ഹാപ്പിയാണ്.