Asianet News MalayalamAsianet News Malayalam

കൊറോണ: ജാഗ്രതയോടെ കേരളം; മലപ്പുറത്ത് 13 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ വീടുകളിൽ 330 പേരും മഞ്ചേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ 13 പേരും നിരീക്ഷണത്തിലാണ്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തിയ 13 പേരെ 28 ദിവസം പൂർത്തിയായതോടെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

malappuram takes necessary steps against coronavirus attack
Author
Malappuram, First Published Feb 3, 2020, 7:14 PM IST

മലപ്പുറം: കൊറോണ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിൽ വീടുകളിൽ 330 പേരും മഞ്ചേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ 13 പേരും നിരീക്ഷണത്തിലാണ്.

രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തിയ 13 പേരെ 28 ദിവസം പൂർത്തിയായതോടെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. തിങ്കളാഴ്ച മുതൽ 25 പേർ കൂടി പുതുതായി നിരീക്ഷണത്തിലുണ്ട്. മൂന്ന് പേരെ പുതുതായി ഐസൊലേഷൻ വാർഡിലും പ്രവേശിപ്പിച്ചു. നേരത്തെ പരിശോധനയ്ക്കായി അയച്ച 17 സാമ്പിളുകളിൽ രണ്ടെണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

15 സാമ്പിളുകളുടെ ഫലം അറിയാനുണ്ട്. തിങ്കളാഴ്ച ഒൻപത് സാമ്പിളുകൾ  കൂടി പരിശോധനയ്ക്കയച്ചു. ഐസൊലേഷൻ വാർഡുകൾ സജ്ജമാണ്. മഞ്ചേരി മെഡിക്കൽ കോളജിൽ 30 കിടക്കകളും തിരൂർ ജില്ലാ ആശുപത്രിയിൽ അഞ്ച് കിടക്കകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.

വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് മാനസിക സമർദ്ദം കുറയ്ക്കുന്നതിന് പ്രത്യേക കൗൺസിൽ നൽകും. രോഗബാധിത രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ ജില്ലയിലെ കൺട്രോൾ റൂം നമ്പറുകളായ 0483 2737858, 0483 2737857 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. കൊറോണ ലക്ഷണങ്ങൾ സംശയിക്കുന്ന സാഹചര്യത്തിലും കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. 9383464212 എന്ന മൊബൈൽ നമ്പറിൽ വാട്സാപ്പ് സൗകര്യവും ലഭ്യമാണ്. dmoesttmlpm@gmail.com എന്ന മെയിൽ വഴിയും സംശയദൂരീകരണം നടത്താമെന്ന് അധികൃതർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios