Asianet News MalayalamAsianet News Malayalam

കയർഭൂവസ്ത്രം, ഭംഗി കണ്ട് ഏവരും വണ്ടറടിച്ച വൈറൽ കുളം, ദാ മലപ്പുറത്തുണ്ട്! ഈ പെണ്ണുങ്ങൾക്ക് കയ്യടിക്കാം

പതിനഞ്ചോളം തൊഴിലുറപ്പ് തൊഴിലാളികളായ വനിതകളാണ് കുളം കുത്തിയത്. മേലാറ്റൂരിലെ മണ്ണാർക്കോട് പാടത്താണ് കുളം

malappuram viral pond detailed story asd
Author
First Published Feb 3, 2023, 4:25 PM IST

മലപ്പുറം: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായൊരു സംഭവമുണ്ടായിരുന്നു. വിവാദങ്ങളോ വിമർശനങ്ങളോ അല്ല. ഒരു കുളം. അതിന്റെ നിർമാണ ഭംഗി കണ്ട് അധികപേരും ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ വണ്ടറടിച്ച കുളത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മലപ്പുറം ജില്ലയിലെ മേലാറ്റൂർ ഗ്രാമപഞ്ചായത്തിലാണ് ഏവരെയും ആകർഷിച്ച ഈ കുളം ഉള്ളത്. കൃത്യമായി പറഞ്ഞാൽ മേലാറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ടിലാണ് സോഷ്യൽ മീഡിയ വണ്ടറടിച്ച കുളം. ഇവിടുത്തെ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളാണ് ഈ കുളത്തിന്‍റെ അണിയറ ശിൽപ്പികൾ.

കുളത്തിന്‍റെ നിർമാണം നടക്കുന്നതിനിടയിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. കണ്ടവരെല്ലാം ലൈക്കടിച്ച് പോയ ഈ കുളത്തിന്‍റെ നിർമ്മാണം അന്തമഘട്ടത്തിലാണ്. കാര്യങ്ങൾ തീരുമാനിച്ച പ്രകാരം നടന്നാൽ ഇന്നത്തോടെ ഈ കുളത്തിന്‍റെ നിർമ്മാണം പൂത്തിയാകും. പതിനഞ്ചോളം തൊഴിലുറപ്പ് തൊഴിലാളികളായ വനിതകളാണ് മലപ്പുറത്തെ വൈറൽ കുളം കുത്തിയത്. മേലാറ്റൂരിലെ മണ്ണാർക്കോട് പാടത്ത് അവസാനവട്ട പണിയിലാണ് ഈ വനിതകൾ.

കൊല്ലം കളക്ട്രേറ്റിൽ ലെറ്റർ ബോംബ് ഭീഷണി, കത്ത് പോസ്റ്റ് ചെയ്തത് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്ന്; പരിശോധന

കാർഷിക ആവശ്യങ്ങൾ മുൻനിർത്തിയാണ് ഈ കുളത്തിന്‍റെ നിർമാണം നടത്തിയതെന്ന് പണി ചെയ്യുന്ന സ്ത്രീകൾ വ്യക്തമാക്കി. കമുകും തെങ്ങുകളുമുള്ള തോട്ടത്തിലെ ജലസേചനത്തിനാകും ഈ കുളം ഉപയോഗിക്കുക. എട്ട് മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള കുളത്തിൽ ആവശ്യത്തിന് വെള്ളവും ലഭിക്കുന്നുണ്ട്. താഴ്ഭാഗത്ത് കട്ടിയുള്ള ചെങ്കല്ല് പാറയായതിനാൽ കൂടുതൽ കുഴിക്കാൻ ഇവർക്കായിട്ടില്ല. കുളത്തിന് ചുറ്റും കയർ ഭൂവസ്ത്രം ധരിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇതാണ് ഈ കുളത്തിന്‍റെ പ്രധാന ആകർഷണവും.

ആലപ്പുഴ കയർ ഫാക്ടറിയിൽ നിന്നാണ് വൈറൽ കളത്തിന് വേണ്ട കയർഭൂവസ്ത്രം എത്തിച്ചത്. ഇതിനിടയിൽ ചെടികളും നട്ടുപിടിപ്പിച്ചതോടെ ഭംഗി കൂടുകയായിരുന്നു. കുളത്തിന്റെ അരിക് സംരക്ഷിക്കാനാണ് കയർഭൂവസ്ത്രവും ചെടികളും നട്ടുപിടിപ്പിച്ചതെന്ന് തൊഴിലാളി സ്ത്രീകൾ വിവരിച്ചു. 1,14,243 രൂപയാണ് കുളം നിർമാണത്തിനായി ചെലവ് വന്നിട്ടുള്ളത്. ഏകദേശം 14,000 രൂപക്കാണ് കയർഭൂവസ്ത്രമെത്തിച്ചത്. സംഭവം വൈറലായതോടെ നിരവധി ആളുകൾ കുളം കാണാനെത്തുന്നുണ്ട്.

Follow Us:
Download App:
  • android
  • ios