Asianet News MalayalamAsianet News Malayalam

ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിൽ; ട്രാപ്പ് കേസുകളിൽ 50, റെക്കോഡാണെന്ന് വിജിലൻസ്

പരിശോധനയില്‍ മേശ വിരിക്കടിയില്‍ നിന്നും 1,500 രൂപ കൂടി ചുരുട്ടിയ നിലയില്‍ ലഭിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

malapuram village officer arrested while accepting bribe joy
Author
First Published Oct 31, 2023, 2:17 PM IST

മലപ്പുറം: വഴിക്കടവില്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസറെ പിടികൂടി വിജിലന്‍സ്. വഴിക്കടവ് വില്ലേജ് ഓഫീസര്‍ മുഹമ്മദ് സമീറിനെയാണ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

പറമ്പിലെ തേക്കുമരം വെട്ടുന്നതിനുള്ള അനുമതിക്കു വേണ്ടി വനം വകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് വേണ്ടി, വഴിക്കടവ് സ്വദേശിയായ പരാതിക്കാരന്‍ ഇക്കഴിഞ്ഞ 26-ാം തീയതി വില്ലേജ് ഓഫീസില്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ വില്ലേജ് ഓഫീസറെ കണ്ടപ്പോള്‍ വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ആയിരം രൂപ കൈക്കൂലിയുമായി വരാന്‍ ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി ഫിറോസ് എം ഷഫീക്കിനെ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം വിജിലന്‍സ് പൊലീസ് ഇന്‍സ്‌പെക്ടറായ ജ്യോതീന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി, കൈക്കൂലി വാങ്ങവെ മുഹമ്മദ് സമീറിനെ കയ്യോടെ പിടികൂടുകയായിരുന്നെന്ന് അറിയിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മേശ വിരിക്കടിയില്‍ നിന്നും 1,500 രൂപ കൂടി ചുരുട്ടിയ നിലയില്‍ ലഭിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കൈക്കൂലിക്കാരെ കൈക്കൂലി വാങ്ങുമ്പോള്‍ തന്നെ കൈയ്യോടെ പിടികൂടുന്ന ട്രാപ്പ് കേസുകളില്‍ ഈ വര്‍ഷത്തെ 50-ാമത്തെ സംഭവമാണിതെന്ന് വിജിലന്‍സ് അറിയിച്ചു. ഇത് സര്‍വ്വകാല റെക്കോഡാണെന്നും വിജിലന്‍സ് കൂട്ടിച്ചേര്‍ത്തു. വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്‌പെക്ടറായ സ്റ്റെപ്‌റ്റോ ജോണ്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ സജി, മോഹന കൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ധനേഷ്, സന്തോഷ്, രാജീവ്, വിജയകുമാര്‍, ശ്രീജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്യാം, അഭിജിത്, സുബിന്‍ എന്നിവരും ഉണ്ടായിരുന്നു.

അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592 900 900 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി.കെ വിനോദ്കുമാര്‍ അഭ്യര്‍ത്ഥിച്ചു. 9447 789 100 എന്ന വാട്‌സ് ആപ് നമ്പറിലൂടെയും ബന്ധപ്പെടാം. 

17കാരന്റെ കൊലപാതകം: 21കാരിയായ ട്യൂഷന്‍ അധ്യാപികയും സുഹൃത്തുക്കളും അറസ്റ്റില്‍ 
 

Follow Us:
Download App:
  • android
  • ios