കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ അണുബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാല്‍ നിര്‍ബന്ധമായും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം പ്രതിരോധ മരുന്നായ 'ഡൊക്‌സിസൈക്ലിന്‍' കഴിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി
മലപ്പുറം: ജില്ലയില്‍ എലിപ്പനി രോഗബാധയും മരണങ്ങളും ആശങ്കാജനകമായി വര്‍ദ്ധിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം മാത്രം എലിപ്പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചു.ഓഗസ്റ്റ് 6-ന് ഈഴവത്തിരുത്തി സ്വദേശിനിയായ 57കാരിയും, ഓഗസ്റ്റ് 9-ന് മഞ്ചേരി സ്വദേശിയായ 45 വയസ്സുകാരനുമാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം 40 പേര്‍ എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. എടവണ്ണ, മഞ്ചേരി, വെട്ടേക്കോട്, കാവന്നൂര്‍, തൃപ്പനച്ചി, ആനക്കയം, തൃക്കലങ്ങോട്, കൊണ്ടോട്ടി, ചോക്കാട്, ചുങ്കത്തറ, നിലമ്പൂര്‍, തിരുനാവായ, മാറാക്കര, മംഗലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലാണ് രോഗബാധ പ്രധാനമായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ അണുബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാല്‍ നിര്‍ബന്ധമായും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം പ്രതിരോധ മരുന്നായ 'ഡൊക്‌സിസൈക്ലിന്‍' കഴിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. പനിയോടൊപ്പം കഠിനമായ ശരീരവേദനയോ കണ്ണില്‍ ചുവപ്പോ അനുഭവപ്പെട്ടാല്‍ ഒട്ടും വൈകാതെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും, സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. എലിപ്പനിയ്ക്ക് പുറമെ സാധാരണ പനി ബാധിതരുടെ എണ്ണത്തിലും ജില്ലയില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം 16,634 പേരാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി വിഭാഗത്തില്‍ ചികിത്സ തേടിയത്.
പ്രതിദിനം ശരാശരി രണ്ടായിരത്തിലധികം ആളുകള്‍ ചികിത്സയ്ക്കായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 2,961 പേരാണ് പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയത്. ഇതോടെ ജില്ലയിലെ താലൂക്ക്, ജില്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.പനിയും അനുബന്ധ രോഗങ്ങളും തടയാന്‍ ശുചിത്വം പാലിക്കുന്നതിനൊപ്പം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.


