Asianet News MalayalamAsianet News Malayalam

മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലെ അക്രമം: 18 പ്രതികൾക്ക് കഠിന തടവ്

മലയാലപ്പുഴ ക്ഷേത്രത്തിൽ ശതകോടി അർച്ചന  നടത്താൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയും പ്രതിഷേധവുമായിരുന്നു, അക്രമ സംഭവങ്ങളിലേക്ക് നയിച്ചത്

malayalapuzha devi temple attack, imprisonment for eighteen culprits
Author
Pathanamthitta, First Published Jun 13, 2019, 2:34 PM IST

പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴ ദേവീ ക്ഷേത്രത്തിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ 18 പ്രതികൾക്ക് കഠിന തടവ്. 35 പ്രതികളിൽ 17 പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി അഡീഷണൽ ജില്ലാ കോടതി വെറുതെ വിട്ടു. മുൻ ദേവസ്വം കമ്മീഷണറെ വധിക്കാൻ ശ്രമിച്ചുവെന്ന കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

2002ൽ പത്തനംതിട്ട മലയാലപ്പുഴ ദേവീ ക്ഷേത്രത്തിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് 18 പേരെ അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. ഇവർക്കെതിരെ  ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143, 147, 148, 324,3 32, 342 വകുപ്പുകളും പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്ടിലെ വിവിധ വകുപ്പുകളുമായിരുന്നു ചുമത്തിയിരുന്നത്. 

കഠിന തടവിനൊപ്പം പിഴയായി 5000 വീതവും അടക്കണം. അന്നത്തെ ദേവസ്വം കമ്മീഷണറും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന സിപി നായരെ വധിക്കാൻ ശ്രമിച്ചുവെന്ന കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ആകെ 146 പ്രതികൾ  ഉണ്ടായിരുന്നെങ്കിലും തെളിവുകളില്ലാത്തതിനാൽ മറ്റുള്ളവരെ വിട്ടയക്കുകയായിരുന്നു. 

മലയാലപ്പുഴ ക്ഷേത്രത്തിൽ ശതകോടി അർച്ചന  നടത്താൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയും പ്രതിഷേധവുമായിരുന്നു, അക്രമ സംഭവങ്ങളിലേക്ക് നയിച്ചത്. അർച്ചന നടത്തുന്നതിൽ ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച് അന്വേഷിക്കാൻ എത്തിയ ദേവസ്വം കമ്മീഷണറടക്കമുള്ളവരെ ക്ഷേത്രത്തിൽ പൂട്ടിയിടുകയായിരുന്നു.

തുടർന്ന്, ദേവസ്വത്തിന്‍റെയും പൊലീസിന്‍റെയും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. സംഘർഷം നിയന്ത്രിക്കാൻ പൊലീസിന് ആകാശത്തേക്ക് വെടിവെക്കേണ്ടി വന്നു. നാല് മാസമായി തുടർന്ന വിചാരണയിൽ നൂറിലധികം സാക്ഷികളെ വിസ്തരിച്ചിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് നാർകോട്ടിക് സെല്ലും തുടർന്ന് ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്. 

Follow Us:
Download App:
  • android
  • ios