തലേന്നു രാത്രി 11.30 വരെ കപ്പലിൽ ജോലി ചെയ്തിരുന്നു. പിന്നീട്, ആരും ആദിത്യത്തിനെ കണ്ടിട്ടില്ല. പാക്കിസ്ഥാൻ കടൽ മേഖലയിലാണ് ആദിത്യത്തിനെ കാണാതായെന്ന് കപ്പൽ ജീവനക്കാർ ബന്ധുക്കളെ അറിയിച്ചു

തൃശൂർ: മാലദ്വീപിലെ ചരക്കുക്കപ്പലിൽ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായി. തൃശൂർ കാഞ്ഞാണി സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ കെ എസ് ആദിത്യനെ കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായി യാതൊരു വിവരവുമില്ലെന്ന് കുടുംബം പറയുന്നു. മാലിദ്വീപിൽ നിന്ന് ഒമാനിലേയ്ക്കു പോകുകയായിരുന്ന ചരക്കുക്കപ്പലിൽ ജോലിക്കാരനായിരുന്നു തൃശൂർ കാഞ്ഞാണി സ്വദേശി കെ എസ് ആദിത്യൻ. കഴിഞ്ഞ പതിനഞ്ചിന് രാവിലെ അഞ്ചരയോടെ കപ്പലിലെ പാചകശാലയിൽ ജോലിയ്ക്കു കയറേണ്ടതായിരുന്നു. 

തലേന്നു രാത്രി 11.30 വരെ കപ്പലിൽ ജോലി ചെയ്തിരുന്നു. പിന്നീട്, ആരും ആദിത്യത്തിനെ കണ്ടിട്ടില്ല. പാക്കിസ്ഥാൻ കടൽ മേഖലയിലാണ് ആദിത്യത്തിനെ കാണാതായെന്ന് കപ്പൽ ജീവനക്കാർ ബന്ധുക്കളെ അറിയിച്ചു. കപ്പലിന്റെ ക്യാപ്റ്റന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ആദിത്യനെ കണ്ടെത്താനായില്ല. എം.പിമാർ മുഖേന കേന്ദ്രസർക്കാരിന്റെ സഹായം തേടിയിട്ടുണ്ട് കുടുംബം.

സുനിൽകുമാർ, ബിന്ദു ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തയാളാണ് കാണാതായ ആദിത്യൻ. കപ്പലിലെ പാചകശാലയിൽ സഹായി ആയിട്ടായിരുന്നു നിയമനം. കഴിഞ്ഞ ഒൻപതിനാണ് വീട്ടിൽ നിന്ന് പോയത്. ആദിത്തിനെ കണ്ടെത്താൻ പാക്കിസ്ഥാൻ കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. മകന്റെ മടങ്ങിവരവ് കാത്ത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം.