പാലോട്: ഫോണ്‍ ചെയ്തുകൊണ്ടിരിക്കേ വീടിന്‍റെ രണ്ടാം നിലയില്‍ നിന്നും വീണ് പ്രവാസി മരിച്ചു. പാങ്ങോട് പാലിച്ചിറ എസ്എന്‍ വില്ലയില്‍ ഫൈസല്‍(35)ആണ് മരിച്ചത്. ഭാര്യവീട്ടിലെ രണ്ടാം നിലയില്‍ നിന്നാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ഫോണ്‍ ചെയ്യാനായി വീടിന് മുകളില്‍ കയറിയതായിരുന്നു ഫൈസല്‍. സംസാരിക്കുന്നതിനിടെ തെന്നി താഴേക്ക് വീഴുകയായിരുന്നു.

കടയില്‍ സാധനം വാങ്ങാന്‍ പോയിരുന്ന ഭാര്യപിതാവ് തിരികെ വീട്ടിലെത്തിയപ്പോഴാണ് ഫൈസലിനെ മുറ്റത്ത് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. ഗള്‍ഫിലായിരുന്ന ഫൈസല്‍ ഒരു മാസത്തിന് മുമ്പെയാണ് നാട്ടിലെത്തിയത്. അടുത്ത ആഴ്ച തിരികെ ഗള്‍ഫിലേക്ക് പോകുന്നതിന് മുന്നോടിയായി ഭാര്യവീട്ടിലെത്തിയതായിരുന്നു. ഭാര്യ- അന്‍സി, മക്കള്‍- അഫ്റോസ്, നസ്റിന്‍.