Asianet News MalayalamAsianet News Malayalam

വെള്ളിയാഴ്ച വൈകീട്ട് കുടുംബം എസ്‍യുവി കാറിലെത്തി, എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു -റിസോര്‍ട്ട് മാനേജര്‍

വിനോദും ജിബിയും തൂങ്ങി നിൽക്കുന്ന നിലയിലും കുട്ടിയെ കിടക്കയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

malayali family found dead in Kodagu resort  prm
Author
First Published Dec 10, 2023, 1:33 PM IST

ബെം​ഗളൂരു: കർണാടകയിലെ കുടകിൽ മലയാളി കുടുംബത്തെ കൂട്ട ആത്മഹത്യക്ക് കാരണം സാമ്പത്തിക പ്രശ്നമെന്ന് പൊലീസ്. കൊല്ലത്ത് ബിസിനസ് നടത്തുകയാണ് വിനോദ് ബാബുസേനനെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാമ്പത്തികപ്രശ്നങ്ങളെ തുടർന്ന്  ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് കുടുംബത്തെ മരിച്ച നിലയിൽ റിസോർട്ട് ജീവനക്കാർ കണ്ടത്. വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ മകളെ കൊലപ്പെടുത്തിയ ശേഷമാകാം ഇരുവരും ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറയുന്നു. 

വിനോദും ജിബിയും തൂങ്ങി നിൽക്കുന്ന നിലയിലും കുട്ടിയെ കിടക്കയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ കുടകിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്തെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് അറിയിച്ചു.   

വെള്ളിയാഴ്ച വൈകുന്നേരം ആറോടെ എസ്‌യുവിയിലാണ് കുടുംബം റിസോർട്ടിലെത്തിയത്. എത്തിയപാടെ കോട്ടേജിൽ ചെക്ക് ഇൻ ചെയ്‌തു. കുറച്ചു നേരം വിശ്രമിച്ച ശേഷം റിസോർട്ടിൽ ചുറ്റിനടക്കാൻ പുറപ്പെട്ടു.  എത്തുമ്പോൾ കുടുംബം നല്ല സന്തോഷത്തിലായിരുന്നുവെന്ന് റിസോർട്ടിന്റെ മാനേജർ ആനന്ദ് പറഞ്ഞു. അത്താഴം കഴിക്കുന്നതിന് മുമ്പ് കുടുംബം അടുത്തുള്ള ഒരു കടയിലേക്ക് പോയി. ശനിയാഴ്ച രാവിലെ 10 മണിക്ക് ചെക്ക് ഔട്ട് ചെയ്യാമെന്ന് വിനോദ് റിസോർട്ട് ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാൽ പറഞ്ഞ സമയത്ത് ചെക്ക് ഔട്ട് ചെയ്യാത്തത് പരിശോധിക്കാൻ ജീവനക്കാർ പോയി. വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. അരമണിക്കൂറിന് ശേഷം വീണ്ടും കുടുംബത്തെ വിളിക്കാനായി പോയി ഈ സമയം, കോട്ടേജിന് പുറത്ത് ചെരിപ്പുകൾ കിടക്കുന്നത് കണ്ടതോടെ സംശയമായി. ജനലിലൂടെ നോക്കിയപ്പോഴാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios