മെര്‍ലിന്‍ പുരസ്‌കാരം നേടുന്ന കേരളത്തില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അശ്വിന്‍. ഇതിന് മുന്‍പ് മജീഷ്യന്‍മാരായ ഗോപിനാഥ് മുതുകാട്, സാമ്രാജ്, കൊയമ്പത്തൂര്‍ മലയാളിയായ ടിജോ വര്‍ഗ്ഗീസ് എന്നിവര്‍ക്ക് മെര്‍ലിന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സാമൂഹിക അവബോധത്തിനായി മാജിക് ഉപയോഗിച്ചതിന് മലയാളിയായ മാന്ത്രികന്‍ അശ്വിന്‍ പരവൂരിന് മാജിക് രംഗത്തെ പ്രശസ്തമായ മെര്‍ലിന്‍ പുരസ്‌കാരം ലഭിച്ചു. 'ഇന്ത്യയിലെ ഏറ്റവും മികച്ച ബോധവത്കരണ മാജിക് പെര്‍ഫോര്‍മര്‍' എന്ന പുരസ്‌കാരമാണ് ലഭിച്ചത്. മാജിക്കിലെ ഓസ്‌കാര്‍ പുരസ്‌കാരം എന്നറിയപ്പെടുന്ന മെര്‍ലിന്‍ പുരസ്‌കാരങ്ങള്‍ അമേരിക്ക ആസ്ഥാനമായ ഇന്റര്‍നാഷല്‍ മജീഷ്യന്‍സ് സൊസൈറ്റിയാണ് നല്‍കുന്നത്. തായ്‌ലന്‍ഡില്‍ നടന്ന മാന്ത്രികരുടെ ആഗോളസമ്മേളനമായ ഇന്റര്‍നാഷണല്‍ മാജിക് എക്‌സ്ട്രാവഗന്‍സയുടെ വേദിയിലാണ് പുരസ്‌കാരദാനം നടന്നത്. ഇന്റര്‍നാഷല്‍ മജീഷ്യന്‍സ് സൊസൈറ്റി ചെയര്‍മാന്‍ ടോണി ഹസിനിയാണ് അശ്വിന്‍ പരവൂരിന് പുരസ്‌കാരം സമ്മാനിച്ചത്. കൊല്ലം പരവൂര്‍ സ്വദേശിയായ അശ്വിന്‍ 15 വര്‍ഷമായി വിവിധ വിഷയങ്ങളില്‍ മാജിക്കിലൂടെ ബോധവത്കരണം നടത്തിവരുന്നു.

മെര്‍ലിന്‍ പുരസ്‌കാരം നേടുന്ന കേരളത്തില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അശ്വിന്‍. ഇതിന് മുന്‍പ് മജീഷ്യന്‍മാരായ ഗോപിനാഥ് മുതുകാട്, സാമ്രാജ്, കൊയമ്പത്തൂര്‍ മലയാളിയായ ടിജോ വര്‍ഗ്ഗീസ് എന്നിവര്‍ക്ക് മെര്‍ലിന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ദേശീയ, അന്തര്‍ദേശീയ വേദികളില്‍ തങ്ങളുടെ മാന്ത്രികവിദ്യയില്‍ ഏറ്റവും ഉയര്‍ന്ന നിലവാരം കൈവരിച്ച മാന്ത്രികര്‍ക്കാണ് മെര്‍ലിന്‍ അവാര്‍ഡ് സമ്മാനിക്കുന്നത്. അവതരണം, മൗലികത, സവിശേഷ കഴിവുകള്‍, എല്ലാറ്റിനുമുപരിയായി ഏത് സാഹചര്യത്തിലും വിനോദം പ്രദാനം ചെയ്യാനുള്ള ശേഷി എന്നിവയാണ് സമ്മാനത്തിനായി ജൂറി അംഗങ്ങള്‍ പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍. 2010 വരെ മെര്‍ലിന്‍ അവാര്‍ഡ് നോമിനേഷനുകളിലൂടെ മാത്രമായിരുന്നു നല്‍കിവന്നിരുന്നത്. 2010 മുതല്‍ നോമിനേഷനായും മത്സര അവാര്‍ഡായും അവാര്‍ഡ് നല്‍കിവരുന്നു. അശ്വിനെ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്തത് തായ്‌ലന്‍ഡിലെ 'മജീഷ്യന്‍ മമദ'യാണ്.

കൊല്ലം ആയൂര്‍ മഞ്ഞപ്പാറ വൊക്കേഷണല്‍ ഹയ്യര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകന്‍ കൂടിയാണ് അശ്വിന്‍. കൊല്ലം എസ് എന്‍ കോളെജില്‍ പഠിക്കുന്ന കാലത്ത് ലഹരിക്കെതിരെ ബോധവത്കരണ മാജിക് നടത്തിക്കൊണ്ടാണ് അശ്വിന്‍ മാജിക് രംഗത്തേക്ക് കടന്നുവരുന്നത്. ലഹരിക്കെതിരെ ക്യാമ്പയിനുമായി നിരവധി തവണ കേരള പര്യടനം നടത്തിയിട്ടുണ്ട്. ലഹരിക്കെതിരെ മാത്രമായി 2500ലേറെ വേദികളില്‍ എക്‌സൈസ്, പൊലീസ്, മറ്റ് വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവരുമായി ചേര്‍ന്നുകൊണ്ട് മാജിക് അവതരിപ്പിച്ചിട്ടുണ്ട്. ബന്ധനസ്ഥനായ ശേഷം അപകടകരമായ സാഹചര്യത്തില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടുന്ന 'ഇലക്ട്രിക് ടോര്‍ച്ചര്‍ എസ്‌കേപ്പ്', 'സ്‌പൈക് എസ്‌കേപ്പ്' എന്നീ മാന്ത്രികപ്രകടനങ്ങള്‍ ആയിരങ്ങള്‍ പങ്കെടുത്ത കൊല്ലം ബീച്ചിലെ വേദിയില്‍ അശ്വിന്‍ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.

Read More :  ആദ്യ ഭാര്യ ജീവിച്ചിരിക്കെ രണ്ടാം വിവാഹം കഴിക്കാൻ സർക്കാർ ജീവനക്കാർക്ക് അനുമതി വേണം; ഉത്തരവിറക്കി അസ്സം