Asianet News MalayalamAsianet News Malayalam

പഞ്ചാബിൽ നിന്ന് കൂട്ടുകാര്‍ക്കൊപ്പം കേരളത്തിലേക്ക് ട്രെയിനില്‍ പുറപ്പെട്ട യുവാവ് ട്രാക്കിൽ മരിച്ച നിലയില്‍

വിജയവാഡയ്ക്ക് സമീപം കൊണ്ടപ്പള്ളി റെയിൽവെ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് നൃപനെ ട്രെയിൽ കയറി മരിച്ച നിലയിൽ കണ്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. 

malayali youth found dead in railway track
Author
Alappuzha, First Published May 23, 2020, 9:54 PM IST

ചാരുംമൂട്: പഞ്ചാബിൽ നിന്നും ട്രെയിനിൽ നാട്ടിലേക്ക് വരുകയായിരുന്ന മലയാളി യുവാവ് യാത്രാ മദ്ധ്യേ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മരിച്ച നിലയിൽ. മാവേലിക്കര താമരക്കുളം നാലുമുക്ക് സൗപർണ്ണികയിൽ രഘുപതി, സുജാത ദമ്പതികളുടെ മകൻ നൃപൻ ചക്രവർത്തി (33)യാണ് മരിച്ചത്. വിജയവാഡയ്ക്ക് സമീപം കൊണ്ടപ്പള്ളി റെയിൽവെ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് നൃപനെ ട്രെയിൽ കയറി മരിച്ച നിലയിൽ കണ്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. 

പഞ്ചാബിലെ ജലന്ധറിലുള്ള സ്വകാര്യ ഓയിൽ കമ്പനിയിൽ പത്ത് വർഷമായി ജോലി ചെയ്തു വരികയാണ് നൃപൻ. 19-ാം തീയ്യതിയാണ് കടമ്പനാട്, ഹരിപ്പാട് സ്വദേശികളായ രണ്ടു കൂട്ടുകാർക്കൊപ്പം  നാട്ടിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വിജയവാഡയ്ക്കടുത്ത കൊണ്ടപ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിൻ ഒരു മണിക്കൂറോളം പിടിച്ചിട്ടിരുന്നു. ഈ സമയം ട്രെയിനിൽ നിന്നിറങ്ങിയ നൃപൻ കുറെ സമയം കഴിഞ്ഞും തിരികെ എത്താത്തതിനെ തുടർന്ന്  കൂടെയുണ്ടായിരുന്നവർ പ്ലാറ്റ്ഫോമിൽ തിരഞ്ഞെങ്കിലും കണ്ടു കിട്ടിയില്ല. 

ട്രെയിൻ പുറപ്പെട്ടിട്ടും നൃപൻ കമ്പാർട്ട്മെന്റിലെത്തിയിരുന്നില്ല.  പിന്നീട് ഉച്ചക്ക് 2.30 ഓടെ ഗുഡ്സ് ട്രെയിൻ കയറി മരിച്ച നിലയിൽ പ്ലാറ്റ്ഫോമിലെ ട്രാക്കിൽ നൃപന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 2 മണിയോടെയാണ് ആന്ധ്ര പൊലീസ് ബന്ധുക്കളെ മരണ വിവരം അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക  നിഗമനം.
ടെയിനിലുണ്ടായിരുന്ന നൃപന്റെ ബാഗുകളും മറ്റും കൂടെയുണ്ടായിരുന്നവർ നാട്ടിൽ എത്തിച്ചിട്ടുണ്ട്. വിജയവാഡ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുളളത്.  റാപ്പിഡ് പരിശോധന നടത്തി നൃപന് കോവിഡ് ഉണ്ടായിരുന്നില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി താമരക്കുളത്തു നിന്നും ബന്ധുക്കൾ  തിരിച്ചു.

Follow Us:
Download App:
  • android
  • ios