സിഗരറ്റ് ഇല്ലെന്ന് പറഞ്ഞതോടെ അസഭ്യം പറയുകയും കടക്കുള്ളിലേക്ക് അതിക്രമിച്ചു കയറി സ്ത്രീയെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മാന്നാർ: ആലപ്പുഴയില്‍ സിഗരറ്റ് നൽകാത്ത വിരോധത്തിൽ കടയ്ക്കുള്ളിൽ കയറി കടയുടമയായ വീട്ടമ്മയയ്ക്ക് ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ പ്രതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി മണലിൽ തറയിൽ ശിവരാമന്റെ മകൻ സുഭാഷ് (മണിക്കുട്ടൻ-48) ആണ് അറസ്റ്റിലായത്. മാന്നാർ വള്ളക്കാലി റോഡിൽ കടപ്ര മഠം ജങ്ഷനിൽ പ്രവർത്തിക്കുന്ന മഹാവിഷ്ണു സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന്‍റെ ഉടമ മാന്നാർ വിഷവർശ്ശേരിക്കര, പടിഞ്ഞാറേക്കര വീട്ടിൽ സനൽ കുമാറിന്റെ ഭാര്യ തുളസി (52)ക്കാണ് മർദ്ദനമേറ്റത്.
കടയിൽ സിഗരറ്റ് ചോദിച്ചു എത്തിയ പ്രതിയോട് കടയുടമ സിഗരറ്റ് ഇല്ലെന്ന് പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ പ്രതി അസഭ്യം പറയുകയും കടക്കുള്ളിലേക്ക് അതിക്രമിച്ചു കയറി സ്ത്രീയെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം കടയ്ക്കുള്ളിൽ നിന്ന് പുറത്ത് പോകാനും തന്നെ ഒന്നും ചെയ്യരുത് എന്ന് കടയുടമയായ സ്ത്രീ കരഞ്ഞു പറഞ്ഞെങ്കിലും ഇയാള്‍ കേട്ടില്ല.
എന്നാല്‍ ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ മടിയിൽ ഒളിപ്പിച്ചിരുന്ന സ്ക്രൂഡ്രൈവർ എടുത്തുകാട്ടി കുത്തി കൊല്ലുമെന്ന് സുഭാഷ് തന്നെ ഭീഷണിപ്പെടുത്തിയതായും തുളസി പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മാന്നാർ പൊലിസ് എസ് എച്ച് ഒ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അനിൽകുമാർ, അഡിഷണൽ എസ്ഐ മാരായ മധുസൂദനൻ, ബിന്ദു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മധു, സജീവൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
