സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര മാസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി ഷാഹിദ് സുലൈമാനാണ് പിടിയിലായത്. ഇയാളിൽ നിന്ന് ബി.എം.ഡബ്ല്യു കാറും വ്യാജ ആധാർ കാർഡും പോലീസ് പിടിച്ചെടുത്തു.

കളമശ്ശേരി: സൈബർ തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച് പ്രമുഖ ജ്വല്ലറിയെ കബളിപ്പിച്ച് 62 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി പോലീസ് പിടിയിലായി. മലപ്പുറം ചെമ്പ്രശ്ശേരി തച്ചോടം വീട്ടിൽ ഷാഹിദ് സുലൈമാൻ (31) ആണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്.

തട്ടിപ്പിന് ശേഷം ഒന്നര മാസത്തോളമായി ബാംഗ്ലൂർ, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ താമസിച്ച് വരികയായിരുന്നു പ്രതി. മഞ്ചേരി പോലീസിന്റെ സഹായത്തോടെ കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എ.എൽ.-ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് ഇയാൾ സഞ്ചരിച്ചിരുന്ന ബി.എം.ഡബ്ല്യു കാറും വ്യാജ ആധാർ കാർഡും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുന്നതിനായി കളമശ്ശേരി സി.ഐ. അഭിലാഷ് എ.എൽ., എസ്.ഐ. രാം ലാൽ, സി.പി.ഒ.മാരായ മാഹിൻ അബൂബക്കർ, വിനു കെ.പി., കലേഷ് ഡി.ജി., ലിബിൻ കുമാർ, അനീഷ് കുമാർ, പ്രശോബ്, ശ്രീജിഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.